വീണ്ടും സൈബര്‍ ആക്രമണത്തിന് സാധ്യതയെന്ന് സൈബര്‍ സുരക്ഷാ വിദഗ്ധരുടെ മുന്നറിയിപ്പ്

Story dated:Monday May 15th, 2017,03 39:pm

ലണ്ടന്‍ ; തിങ്കളാഴ്ച വീണ്ടും സൈബര്‍ ആക്രമണത്തിന് സാധ്യതയെന്ന് സൈബര്‍ സുരക്ഷാ വിദഗ്ധരുടെ മുന്നറിയിപ്പ്. ശനിയാഴ്ചയുണ്ടായ സൈബര്‍ ആക്രമണത്തില്‍ ലോകം വിറങ്ങലിച്ചുനില്‍ക്കെയാണ് തിങ്കളാഴ്ച മറ്റൊരു സൈബര്‍ ആക്രമണം ഉണ്ടായേക്കാമെന്ന മുന്നറിയിപ്പുമായി ബ്രിട്ടീഷ് സൈബര്‍ സുരക്ഷാ റിസര്‍ച്ചര്‍ ‘മല്‍വേര്‍ ടെക്’ രംഗത്തെത്തിയത്. പേര് വെളിപ്പെടുത്താത്ത ഇരുപത്തിരണ്ടുകാരനായ ഇദ്ദേഹമാണ് ശനിയാഴ്ചത്തെ സൈബര്‍ ആക്രമണം കണ്ടെത്തുകയും കൂടുതല്‍പേര്‍ ആക്രമണങ്ങള്‍ക്ക് ഇരയാകുന്നത് തടഞ്ഞതും.

കഴിഞ്ഞദിവസത്തെ ആക്രമണം ഒരുപരിധിവരെ കണ്ടെത്താനും തടയാനും തങ്ങള്‍ക്ക് കഴിഞ്ഞു. എന്നാല്‍, തിങ്കളാഴ്ച വീണ്ടും ഉണ്ടായേക്കാവുന്ന ആക്രമണത്തെ തടയാന്‍ കഴിഞ്ഞെന്നുവരില്ലെന്ന് ‘മല്‍വേര്‍ ടെക്’ പറഞ്ഞു. ഇദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള അമേരിക്കയില്‍നിന്നുള്ള 20 അംഗ എന്‍ജിനിയര്‍മാരാണ് സൈബര്‍ ആക്രമണം കണ്ടെത്തി തിരിച്ചടിയുടെ വ്യാപ്തി കുറച്ചത്. പ്രവൃത്തിദിവസം തുടങ്ങുന്ന തിങ്കളാഴ്ച വീണ്ടും സൈബര്‍ ആക്രമണം ഉണ്ടാകുമെന്ന് യൂറോപ്യന്‍ യൂണിയനും ഇന്തോനേഷ്യയും മുന്നറിയിപ്പ് നല്‍കി.

കംപ്യൂട്ടറുകള്‍ തകരാറിലാക്കുന്ന പ്രോഗ്രാമുകളുടെ പുതിയ വേര്‍ഷനാണ് ആക്രമണത്തിന് വിനിയോഗിച്ചതെന്നും ഇതിലും പുതിയ വേര്‍ഷനുകളായാണ് തുടര്‍ ആക്രമണം ഉണ്ടാകുകയെന്നും സൈബര്‍ സുരക്ഷാ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി. ഈ വൈറസുകള്‍ മൈക്രോസോഫ്റ്റ് വിന്‍ഡോസ് സിസ്റ്റങ്ങളെയാണ് കൂടുതല്‍ അനിശ്ചിതാവസ്ഥയിലാക്കുക.

ശനിയാഴ്ചത്തെ ആക്രമണത്തില്‍ 150 രാജ്യങ്ങളിലെ 1,25,000 കമ്പ്യൂട്ടറുകള്‍ ഇരയായതായാണ് വിവരം. രണ്ടുലക്ഷംപേര്‍ സൈബര്‍ ആക്രമണത്തിന് ഇരയായതായി യൂറോപ്യന്‍ യൂണിയന്റെ പൊലീസ് ഏജന്‍സിയായ യൂറോപോള്‍ ഡയറക്ടര്‍ റോബ് വെയിന്‍ റൈറ്റ് പറഞ്ഞു. ഇരകളില്‍ ഭൂരിഭാഗവും ബിസിനസ്, കോര്‍പറേറ്റ് കമ്പനികളാണെന്നും അദ്ദേഹം പറഞ്ഞു. വൈറസ് പടരുന്നത് തടയാന്‍ സാങ്കേതികസഹായം സ്വീകരിക്കാന്‍ തയ്യാറാണെന്ന് അമേരിക്കന്‍ സുരക്ഷാവിഭാഗം അറിയിച്ചു.