വീണ്ടും മാലിന്യമെത്തി ; വിളപ്പില്‍ശാലയില്‍ സംഘര്‍ഷം

By സ്വന്തം ലേഖകന്‍ |Story dated:Monday February 13th, 2012,08 59:am

തിരു : വിളപ്പില്‍ശാലയിലേക്ക് മാലിന്യവുമായി എത്തിയ കോര്‍പ്പറേഷന്‍ ലോറികള്‍ നാട്ടുകാര്‍ തടഞ്ഞു. രണ്ടുലോറി മാലിന്യങ്ങള്‍ ഉച്ചയ്ക്ക് ഒരുമണിയോടെയാണ് വിളപ്പില്‍ ശാലയില്‍എത്തിയത്. എന്നാല്‍ ഈസമയം മാലിന്യപ്ലാന്റിനു ചുറ്റും തടിച്ചുകൂടിയിരുന്ന ആയിരക്കണക്കിനും സമരസമിതക്കാര്‍ പ്ലാന്റിലേക്ക് വന്ന മാലിന്യലോറി തടയുകയായിരുന്നു.

സ്ത്രീകളും കുട്ട്ികളുമുള്‍പ്പെടെ ആയിരക്കണക്കിനുവരുന്ന നാട്ടുകാര്‍ കാലത്തുമുതല്‍ ഇവിടെ തമ്പടിച്ചിരിക്കുകയായിരുന്നു.
എന്ത് വിലനല്‍കേണ്ടിവന്നാലും ഇവിടേക്ക് മാലിന്യം കൊണ്ടുവരാന്‍ ഒരു കാരണവശാലും അനുവദിക്കില്ലെന്ന ശക്തമായ നിലപാടില്‍ ഉറച്ചുനില്‍കുകയാണ് പ്രദേശവാസികളും സമരസമിതിയും.

തിരുവന്തപുരം നഗരത്തില്‍ കഴിഞ്ഞ ഒന്നരമാസത്തോളമായി നിലച്ച മാലിന്യ നീക്കത്തിനുള്ള നടപടികളാണ് വിളപ്പില്‍ശാലയില്‍ നടന്നുകൊണ്ടിരിക്കുന്നത്.

രാസമാലിന്യം തളിച്ച് ദുര്‍ഗന്ധവിമുക്തമാക്കിയ മാലിന്യം പരിസരവാസികള്‍ക്ക് ഒരുതരത്തിലുള്ള ബുദ്ധിമുട്ടുകളും ഉണ്ടാക്കില്ല എന്നാണ് നഗരസഭ പറയുന്നത്.