വീണ്ടും കുതിരവട്ടത്തുനിന്ന്‌ ചാടിയ നസീമ പിടിയില്‍

naseema_0കോഴിക്കോട്‌: കോഴിക്കോട്‌ കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന്‌ വീണ്ടും തടവുചാടിയ പരപ്പനങ്ങാടി സ്വദേശിനി നസീമയെ പിടികൂടി. വിവാഹതട്ടിപ്പുകേസിലടക്കം പ്രതിയായ നസീമയാണ്‌ രാവിലെ കോഴിക്കോട്‌ പുതിയസ്റ്റാന്റില്‍ നിന്ന്‌ പിടിയിലായത്‌. ഇന്ന്‌ രാവിലെയാണ്‌ നസീമ കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തില്‍ നിന്ന്‌ രക്ഷപ്പെട്ടത്‌.

ആശുപത്രിയുടെ ഗ്രില്‍ വളച്ചാണ്‌ നസീമ പുറത്തെത്തിയത്‌. കഴിഞ്ഞവര്‍ഷവും ഇവര്‍ കുതിരവട്ടത്തുനിന്ന്‌ രക്ഷപ്പെട്ടിരുന്നു. കഴിഞ്ഞതവണ സെല്ലിന്റെ ഭിത്തി തുരന്നായിരുന്നു നസീമ രക്ഷപ്പെട്ടത്‌. ആഗസ്റ്റില്‍ കാണാതായ ഇവരെ ഒരു മാസത്തിനൊടുവിലെ തെരച്ചിലില്‍ തൃപ്പുണിത്തുറയിലെ ലോഡ്‌ജില്‍ നിന്ന്‌ പിടികൂടുകയായിരുന്നു.

തട്ടിപ്പുകേസില്‍ പിടിയിലായപ്പോള്‍ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ്‌ ഇവരെ കുതിരവട്ടം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്‌.