വീട്ടില്‍ നിന്നുള്ള നിലവിളികള്‍

അര്‍ദ്ധജീവിതങ്ങള്‍ ജീവിതത്തിന്റെ പൂര്‍ണതയിലേക്ക് വിവരണാതീതമായി നിറയുന്നു. വീട്ടില്‍ നിന്നുള്ള നിലവിളികള്‍ സാമൂഹ്യ പരതയില്‍ വിലയിച്ച് ഒരുമിച്ച് പൂക്കുന്നു. എന്‍സി ഗാര്‍ഡന്‍സ് ഇന്ന് പ്രതീക്ഷകളുടെയും ആകുലതകളുടെയും പൂവാടിയായിരിക്കുന്നു.

ഒരു തുണയ്ക്ക് വേണ്ടിയുള്ള ആഗ്രഹം, എന്നെ തോല്‍പ്പിക്കാനാവില്ലെന്ന മനസ്ഥൈര്യം, അനുഭവ സാക്ഷ്യത്തിന്റെ അടച്ചിട്ട ജീവിത പരിസരത്തുനിന്നുള്ള പുഷ്പങ്ങള്‍, തളര്‍ന്ന ശരീരത്തിനകത്ത് തളരാത്ത മനസ് സൂക്ഷിക്കുന്ന പതിനെട്ടോളം മനുഷ്യജീവികളുടെ വ്യത്യസ്തമായ ഒരു സംഗമം.

തളര്‍ന്നുകിടക്കുന്ന രോഗികളുടെ പുനരധിവാസ ലക്ഷ്യമിട്ട്
പരപ്പനങ്ങാടി അഭയം പാലിയേറ്റീവ് കെയര്‍ പ്രൊജക്റ്റിന്റെ ആഭിമുഖ്യത്തില്‍ വള്ളിക്കുന്ന് എന്‍സി ഗാര്‍ഡനില്‍ വെച്ചായിരുന്നു ഈ സംഗമം.

24 വര്‍ഷം കിടപ്പിലായിട്ടും ഇച്ഛാശക്തികൊണ്ട് വിജയിച്ച എ ആര്‍ നഗര്‍ സ്വദേശി കുമാരേട്ടനും അരയ്ക്കുതാഴെ തളര്‍ന്ന വള്ളിക്കുന്ന കോട്ടയില്‍ സ്വദേശി അബൂബക്കറും ഇതോടനുബന്ധിച്ച് നടന്ന തൊഴില്‍ പരിശീലന ക്ലാസിന് നേതൃത്വം നല്‍കി.

ക്യാമ്പില്‍ നിന്ന് തിരഞ്ഞെടുത്തവര്‍ക്ക് നാലു ദിവസം തുടര്‍ തൊവില്‍ പരിശീലന ക്യാമ്പ് നടക്കും. സംഗമത്തിമത്തിന്റെ ഭാഗമായി നടത്തിയ വൈദ്യപരിശോധനക്ക് ഡോ. ജാവേദ് നേതൃത്വം നല്‍കി. ക്യാമ്പില്‍ പാലിയേറ്റീവ് യൂണിറ്റിലെ രോഗികള്‍ നിര്‍മിക്കുന്ന പാലിയം ഉല്‍പ്പന്നങ്ങളുടെ വിപണനത്തെകുറിച്ച് സെമിനാര്‍ നടന്നു. സെമിനാറില്‍ ഡോ. മണിമ അബ്ദുള്ള മോഡറേറ്ററായിരുന്നു. ക്യാമ്പില്‍ വള്ളിക്കുന്ന് പഞ്ചായത്ത് പ്രസിഡന്റ് ജമീല, വൈസ്പ്രസിഡന്റ് കാരികുട്ടി, യു.കലാനാഥന്‍, പരപ്പില്‍ രാമന്‍, ഡോ.ഋഷി, ഡോ.ദീപ, പാലിയേറ്റവ് വളണ്ടിയര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.