വീട്ടമ്മയുടെ മൃതദേഹം ക്വാര്‍ട്ടേഴ്‌സിനു സമീപം കത്തിക്കരിഞ്ഞനിലയില്‍

Untitled-1 copyതേഞ്ഞിപ്പലം: വീട്ടമ്മയുടെ മൃതദേഹം താമസിച്ചിരുന്ന ക്വാര്‍ട്ടേഴ്‌സിന്‌ പിറകിലെ മാലിന്യകുഴിയില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. പെരുവള്ളൂര്‍ ഗ്രാമപഞ്ചായത്തിലെ കരവന്‍കല്ല്‌ വടക്കന്‍ പറമ്പിലെ ക്വാര്‍ട്ടേഴ്‌സിലെ താമസക്കാരായ രാജന്റെ ഭാര്യ ചെര്‍പ്പുളശ്ശേരി നെല്ലായ സ്വദേശിനി പയംകൊള്ളി ശൈലജ(39)യുടെ മൃതദേഹമാണ്‌ മാലിന്യം കത്തിക്കുന്ന കുഴിയില്‍ കണ്ടെത്തിയത്‌.

ബുധനാഴ്‌ച രാവിലെ ഭര്‍ത്താവ്‌ രാജന്‍ ഉണര്‍ന്നപ്പോള്‍ ഭാര്യയെ കാണാത്തതിനെ തുടര്‍ന്ന്‌ നോക്കിയപ്പോള്‍ അടുക്കള ഭാഗത്തെ വാതില്‍ കയറുകൊണ്ട്‌ ബന്ധിച്ച നിലയിലായിരുന്നു. കയര്‍ അഴിച്ച്‌ പുറത്തെത്തി അയല്‍ക്കാരോട്‌ വിവരം അറിയിക്കുകയായിരുന്നു. നാട്ടുകാര്‍ നടത്തിയ തിരച്ചിലിലാണ്‌ മാലിന്യ കുഴിയില്‍ മൃതദേഹം കത്തിയ നിലയില്‌ കണ്ടത്‌.

വിവരമറിഞ്ഞ്‌ മലപ്പുറം ഡിവൈഎസ്‌പി എ.ഷറഫുദ്ദീന്‍, സ്‌പെഷല്‍ ബ്രാഞ്ച്‌ ഡിവൈഎസ്‌പി അശോക്‌ കുമാര്‍ കൊണ്ടോട്ടി, തിരൂരങ്ങാടി സിഐ മാരായ പി. സന്തോഷ്‌, അനില്‍ ബി റാവുത്തര്‍ , തേഞ്ഞിപ്പലം എസ്‌ഐ പി.ചന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തില്‍ പോലീസ്‌ സംഘം സ്ഥലത്തെത്തി. പോലീസെത്തിയ ശേഷമാണ്‌ മൃതദേഹം പുറത്തെടുത്തത്‌. ഇന്‍ക്വസ്റ്റ്‌ നടപടികള്‍ക്ക്‌ ശേഷം മൃതദേഹം കോഴിക്കോട്‌ മെഡിക്കല്‍കോളേജ്‌ ആശുപത്രിയിലേക്ക്‌ കൊണ്ടുപോയി.

മരണം ആത്മഹത്യയാണെന്നാണ്‌ പോലീസിന്റെ നിഗമനം.