വീടുകളില്‍ കൃതിമ ശ്വാസോഛ്വാസ ഉപകരണം: സൗജന്യ വൈദ്യുതി അനുവദിച്ചു.

മലപ്പുറം: ശ്വാസകോശസംബന്ധമായ അസുഖത്തെത്തുടര്‍ന്ന്‌ വീട്ടില്‍ കൃതിമ ശ്വാസോഛ്വാസ ഉപകരണം ഉപയോഗിക്കുന്ന തോട്ടൂളിയിലെ നിര്‍ധന കുടുംബത്തിന്‌ സൗജന്യ വൈദ്യുതി നല്‍കാന്‍ തീരുമാനമായി. പ്രതിമാസം നൂറ്‌ യൂനിറ്റ്‌ വൈദ്യുതി സൗജന്യമായി കെ.എസ്‌.ഇ.ബി നല്‍കും. തുടര്‍ന്നുള്ള വൈദ്യുതിയുടെ ചെലവ്‌ സര്‍ക്കാര്‍ വഹിക്കും. സുതാര്യകേരളം ജില്ലാതല സെല്ലില്‍ നല്‍കിയ അപേക്ഷയെ തുടര്‍ന്നാണ്‌ തീരുമാനം ജില്ലാതല സെല്ലില്‍ ലഭിച്ച വിവിധ പരാതികള്‍ എ.ഡി.എം എം.റ്റി ജോസഫിന്റെ അധ്യക്ഷതയില്‍ അവലോകനം ചെയ്‌തു.
അരീക്കോട്‌ ചാലിയാര്‍ പാലം മുതല്‍ പത്തനാപുരം കെ.എസ്‌.ഇ.ബി. വരെയുള്ള പൊതുസ്ഥലത്തെ കൈയ്യേറ്റം ഒഴിപ്പിക്കുന്നതിനുള്ള നടപടി ആരംഭിച്ചു. സുതാര്യകേരളം സെല്ലില്‍ സ്വകാര്യ വ്യക്തി നല്‍കിയ പരാതിയെത്തുടര്‍ന്നാണ്‌ നടപടി.
വളവന്നൂര്‍ പഞ്ചായത്തിലെ 19-ാം വാര്‍ഡിലെ കന്നുകാലി ഫാം പരിസരവാസികള്‍ക്ക്‌ ബുദ്ധിമുട്ടുണ്ടാക്കുന്നതിനെ തുടര്‍ന്ന്‌ അടച്ചുപൂട്ടാന്‍ തിരൂര്‍ ആര്‍.ഡി.ഒ നിര്‍ദേശം നല്‍കി.
പുലാമന്തോള്‍-കൊളത്തൂര്‍ റോഡില്‍ ചരക്കുമായി വരുന്ന ലോറികള്‍ ഗതാഗതം തടസ്സപ്പെടുത്തുന്നുവെന്ന പരാതി പൊലീസിന്‌ കൈമാറാന്‍ തീരുമാനിച്ചു. പുലാമന്തോള്‍-കൊളത്തൂര്‍ റൂട്ടില്‍ സഹദിയ മരമില്ലിലെ മരങ്ങള്‍ കാല്‍നടയാത്രക്കാര്‍ക്ക്‌ ബുദ്ധിമുട്ടുണ്ടാക്കുന്നത്‌ സംബന്ധിച്ച പരാതിയും പൊലീസിന്‌ കൈമാറും. പൊതുമരാമത്ത്‌, റവന്യൂ വകുപ്പുകള്‍ക്കും ഇത്തരം കേസുകളില്‍ നടപടി സ്വീകരിക്കാമെന്ന്‌ അധ്യക്ഷന്‍ അറിയിച്ചു.
ഏലംകുളം റയില്‍വെ ഗേറ്റ്‌ പരിസരത്തെ ഓട്ടോപാര്‍ക്കിങ്‌ ബസ്സ്‌ യാത്രക്കാര്‍ക്ക്‌ ബുദ്ധിമുട്ടുണ്ടാക്കുന്നത്‌ സംബന്ധിച്ച പരാതിയില്‍ ആര്‍.ടി.ഒ നടപടി സ്വീകരിച്ചു തുടങ്ങി. കൊണ്ടോട്ടി, തുറക്കല്‍ പരിസരങ്ങളില്‍ വ്യാജ ടാക്‌സി സര്‍വീസ്‌ നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ സ്‌ക്വാഡിന്‌ നിര്‍ദേശം നല്‍കി.