വിശ്വാസിയുടെ ദൗത്യം സമൂഹ നന്മ: പാണക്കാട് ശിഹാബ് തങ്ങള്‍

മലപ്പുറം: സമൂഹത്തിനും നാടിനും നന്മ വരുത്താനുള്ള പരിശ്രമങ്ങളിലേര്‍പ്പെടാന്‍ ഓരോ വിശ്വാസിയും ബദ്ധശ്രദ്ധനായിരിക്കണമെന്നും സമൂഹ നന്മയാണ് വിശ്വാസിയുടെ ദൗത്യമെന്നും പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഈദുല്‍ അസ്ഹാ സന്ദേശത്തില്‍ പറഞ്ഞു. സത്യപാതയില്‍ ത്യാഗം ചെയ്യാനുള്ള സന്നദ്ധതയാണ് ബലിപെരുന്നാളിന്റെ പ്രതിജ്ഞ.
ഹസ്രത്ത് ഇബ്രാഹിം നബി (സ)യുടെ ജീവിതവും ഹജ്ജിലെ കര്‍മങ്ങളും ദൈവീക മാര്‍ഗത്തിലെ ത്യാഗമാണ് ഓര്‍മിപ്പിക്കുന്നത്. പരിശുദ്ധ ഹജ്ജ് കര്‍മത്തിന്റെ അനുബന്ധമായി വിശ്വാസികള്‍ക്കു ലഭിച്ചിട്ടുള്ള ഈദുല്‍ അസ്ഹാ ആഘോഷം നന്മക്കു വേണ്ടിയുള്ള പുറപ്പാടിന്റെദിനമാണ്.
സമുദായങ്ങളെ തമ്മിലകറ്റി മുതലെടുപ്പ് നടത്താനും സമൂഹത്തിലെ ഐക്യം തകര്‍ക്കാനും തല്‍പരകക്ഷികള്‍ ആസൂത്രിത ശ്രമങ്ങള്‍ നടത്തുന്ന സാഹചര്യമാണിത്. വാക്കിലും പ്രവൃത്തിയിലും സമീപനത്തിലും വിശ്വാസികള്‍ ജാഗ്രത പുലര്‍ത്തേണ്ട സന്ദര്‍ഭം. തിന്മയെ നന്മ കൊണ്ട് തടയാനാണ് പ്രപഞ്ചനാഥനായ അല്ലാഹുവിന്റെ കല്‍പന. വിശ്വാസത്തിനു നേര്‍ക്കുള്ള വെല്ലുവിളികളെ പോലും ഏറ്റവും മികച്ച നന്മ കൊണ്ടായിരിക്കണം പ്രതിരോധിക്കേണ്ടത്.
സമുദായങ്ങള്‍ തമ്മിലും സമുദായത്തിനുള്ളിലും ഐക്യം ശക്തിപ്പെടുത്താന്‍ ഈ ആഘേഷ വേളയില്‍ ദൃഢപ്രതിജ്ഞ ചെയ്യണം. സംഘര്‍ഷ ഭരിതമായ അന്തരീക്ഷം മനുഷ്യന്റെ സര്‍വപുരോഗതിയും തടസ്സപ്പെടുത്തുന്നതാണ്.
ജീവനും സമ്പത്തിനും രക്തത്തിനും പരസ്പരം പവിത്രത കല്‍പിക്കണമെന്നാണ് പരിശുദ്ധ ഹജ്ജ് വേളയില്‍ അറഫാ മൈതാനിയില്‍ ഒത്തുചേര്‍ന്ന ജനലക്ഷത്തോട് അന്ത്യപ്രവാചകന്‍ മുഹമ്മദ് നബി (സ) ചെയ്ത വിടവാങ്ങല്‍ പ്രസംഗത്തിലെ ആഹ്വാനം. മനുഷ്യഹത്യയുടെ പ്രതികാര രക്തം മണ്ണിട്ടു മൂടിയിരിക്കുന്നുവെന്നും പലിശയുള്‍പ്പെടെയുള്ള വിപത്തുകളില്‍ നിന്ന് ചൂഷണ മുക്തമായ ഒരു സമൂഹം ഉയര്‍ന്നുവരണമെന്നും അന്ന് പ്രവാചക തിരുമേനി പ്രഖ്യാപനം ചെയ്തു. ആ ദൗത്യനിര്‍വഹണം വിശ്വാസിയുടെ ബാധ്യതയാണ്. അതിനുള്ള പ്രതിജ്ഞ പുതുക്കല്‍ ദിനമാണ് ബലിപെരുന്നാള്‍.
ഭൗതിക നേട്ടങ്ങള്‍ നശ്വരമാണെന്നും പാരത്രികമായ വിജയമായിരിക്കണം അന്തിമ ലക്ഷ്യമെന്നും ഓര്‍മിക്കണം.
പദവിയും പ്രസിദ്ധിയും അധികാരവും സമ്പത്തും സുഖഭോഗങ്ങളും മാത്രമുള്ള ആസക്തികളുടെ ലോകമുപേക്ഷിച്ച് ആത്മശുദ്ധി വരുത്തിയ ഒരു ജീവിതം അതിനു അനിവാര്യമാണ്. ഹജ്ജ് കര്‍മം കഴിഞ്ഞെത്തുന്ന തീര്‍ത്ഥാടകന്‍ ഒരു നവജാത ശിശുവിന്റെ നൈര്‍മല്യം ആര്‍ജ്ജിക്കുന്നതു പോലെ ഈ ബലിപെരുന്നാള്‍ ദിനം വിശ്വാസിയിലെ എല്ലാ പാപക്കറകളും കഴുകിക്കളഞ്ഞ് വിശുദ്ധി കൈവരിക്കുന്നതായിരിക്കണമെന്ന് ദൃഢനിശ്ചയം ചെയ്യുക.
ആഘോഷങ്ങള്‍ അതിര് കടക്കാതിരിക്കുകയും സര്‍വ അനുഗ്രങ്ങളുടെയും ഉടമസ്ഥനായ അല്ലാഹുവിനെ സദാപുകഴ്ത്തുകയും ചെയ്യുക. ദാരിദ്ര്യവും പ്രകൃതിക്ഷോഭങ്ങളും കലാപങ്ങളും സംഘര്‍ഷവും രോഗവും അപകടങ്ങളും ഉറ്റവരുടെ വേര്‍പാടും നിമിത്തം പെരുന്നാളിന്റെ സന്തോഷം പങ്കിടാന്‍ കഴിയാത്ത അനേകലക്ഷം സഹോദരങ്ങള്‍ ലോകമെങ്ങുമുണ്ട്. ഈ സുദിനത്തില്‍ അവരെയും ഓര്‍ക്കുക. സാഹോദര്യചിന്തയോടെ എല്ലാവരിലും ശാന്തിയും സമാധാനവും കൈവരാന്‍ പ്രാര്‍ത്ഥിക്കുക. എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ ഈദാശംസകള്‍.