‘തിരുകേശം കത്തുന്നു’ ; പിണറായിക്കെതിരെ കാന്തപുരം- കാന്തപുരം പറയുന്നത് വര്‍ഗീയത ഇ.കെ വിഭാഗം

കോഴിക്കോട്:മലബാറിലെ രാഷ്ട്രീയത്തില്‍ പുത്തന്‍ സമവാക്യങ്ങള്‍ക്ക് തിരുകേശ വിവാദം നിമിത്തമാകുന്നു. പിണറായി വിജയനെതിരെ കാന്തപുരം കടുത്ത ഭാഷ ഉപയോഗിച്ചപ്പോള്‍ പിണറായിയെ അനുകൂലിച്ച് ഇ കെ വിഭാഗം രംഗത്തെത്തിയത് ഇതിന്റെ സൂചനയാണ്.

വിശുദ്ധകേശത്തെ കുറിച്ചുള്ള തര്‍ക്കങ്ങളില്‍ രാഷ്ട്രീയക്കാരോ അന്യമതസ്ഥരോ അഭിപ്രായം പറയണ്ടെന്ന് കാന്തപുരം എ.പി അബൂബക്കര്‍ മുസ്ല്യാര്‍.
തിരുകേശത്തെകുറിച്ചുള്ള തര്‍ക്കങ്ങളില്‍ മതവിശ്വാസികള്‍ക്കല്ലാത്തവര്‍ക്ക് സ്ഥാനമില്ലെന്ന് കാന്തപുരം പറഞ്ഞു. പിണറായി വിജയന്‍ തര്‍ക്കത്തിലിടപ്പെട്ട്
സംസാരിക്കേണ്ട കാര്യമുണ്ടായിരുന്നില്ല. മതവിശ്വാസികളല്ലാത്തവരുടെ അഭിപ്രായങ്ങള്‍ വര്‍ഗ്ഗീയകലാപമുണ്ടാക്കും. മതകാര്യങ്ങളില്‍ ഇടപ്പെട്ടാല്‍ കൈയ്യും കെട്ടി നോക്കിനില്‍ക്കില്ല. പിണറായിയുടെ ഓഞ്ചിയം പ്രസംഗത്തോട് പ്രതികരിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു കാന്തപുരം.

ഇന്നലെ പിണറായി ഓഞ്ചിയത്ത് മതമേധാവികള്‍ രാഷ്ട്രീയത്തിലിടപ്പെടുന്നതിനെ കുറിച്ചും അന്ധവിശ്വാസങ്ങളും അനാചാരങ്ങളും തിരിച്ചുവരുന്നതിനെ കുറിച്ചും കത്തിച്ചാല്‍ ഏതു മുടിയും കത്തുമെന്നും പറഞ്ഞിരുന്നു.

ഇതിനു പിന്നാലെ കോഴിക്കോട്ട് ഇ.കെ വിഭാഗം വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തില്‍ പിണറായിക്ക്‌ പരോക്ഷ പിന്‍തുണ നല്‍കുകയും കാന്തപുരത്തെ കടുത്ത ഭാഷയില്‍ വിമര്‍ശിക്കുകയുമായിരുന്നു.

മതത്തെ കുറിച്ച് പുറത്തുനിന്നുള്ളവര്‍ ഇടപെടേണ്ട എന്ന പ്രസ്താവന വര്‍ഗീയമാണെന്നും കമ്മ്യൂണിസ്റ്റ് കാരനും മതവിശ്വാസിയുമല്ലാത്ത പിണറായി വിജയന്‍ തിരുകേശത്തെ വിമര്‍ശിച്ചതില്‍ തെറ്റില്ലെന്നും ഇവര്‍ പറഞ്ഞു. പിണറായിയുടെ വെല്ലുവിളി ഏറ്റെടുത്ത് തിരുകേശം കത്തിക്കാന്‍ തയ്യാറാകണെമെന്ന് ഇവര്‍ കൂട്ടിച്ചര്‍ത്തു.

മലബാറിലെ രാഷ്ട്രീയശാക്തിക ബലാബലത്തില്‍ ദൂരവ്യാപകമായ മാറ്റങ്ങള്‍ക്ക് എ.പി. , പിണറായി പോര് നിമിത്തമായേക്കാം. തര്‍ക്കത്തില്‍ പിണറായി ഇ.കെ സുന്നി വിഭാഗത്തിനനുകൂലമായ നിലപാടെടുത്തെന്ന ധാരണയാണ് എ.പി വിഭാഗത്തെ ചൊടിപ്പിച്ചത്. സിപിഐഎമ്മിനോട് അനുകൂലമായ നിലപാടെടുത്തിരുന്ന എ.പി. വിഭാഗം കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ അകല്‍ച്ച പാലിച്ചിരുന്നു.