വിവാഹവാഗ്ദാനം നല്‍കി ഭര്‍തൃമതിയായ യുവതിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

മലപ്പുറം : ഭര്‍തൃമതിയായ യുവതിയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍. തൃശൂര്‍ പാറളം വെങ്ങിനിശേരി കുണ്ടുപറമ്പില്‍ അഖില്‍ (കുട്ടന്‍ 23)നെയാണ് മലപ്പുറം സിഐ ടിബി വിജയന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.

മൂന്നുകുട്ടികളുടെ അമ്മയായ യുവതിയെ യുവാവ് ആറുമാസം മുമ്പാണ് ഫോണ്‍ വഴി പരിചയപ്പെട്ടത്. ഫോണിലൂടെ ബന്ധം സ്ഥാപിച്ച ഇയാള്‍ യുവതിക്ക് വിവാഹ വാഗ്ദാനം നല്‍കുകയും സെപ്തംബര്‍ 12 യുവതിയുമായി തമിഴ്‌നാട് ഈറോഡിലേക്ക് കടന്നു. രണ്ടും ദിവസം വാടക വീട്ടില്‍ താമസിക്കുകയും അവിടെ വച്ച് തന്നെ ഇയാള്‍ ബലാത്സംഗം ചെയ്യുകയുമായിരുന്നെന്ന് യുവതി പോലീസില്‍ മൊഴിനല്‍കിയിട്ടുണ്ട്. കൂടാതെ ഇയാള്‍ തന്റെ പക്കലുണ്ടായിരുന്ന മൂന്ന് പവന്റെ ആഭരണവും തട്ടിയെടുത്തതായി പരാതിയില്‍ പറയുന്നുണ്ട്.

യുവതിയെ കണാത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ വേങ്ങര പോലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ തിരച്ചിലില്‍ യുവതിയെ തമിഴ്‌നാട്ടില്‍ നിന്നും കണ്ടെത്തുകയായിരുന്നു.

യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഐപിസി 376,420 വകുപ്പുകള്‍ പ്രകാരം കേസെടുത്ത് അന്വേഷണം നടത്തിവരുന്നതിനിടെ ഇയാളുടെ വീട്ടില്‍ വെച്ച് പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. തുടര്‍ന്ന് ജെഎഫ്‌സ്എം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റ്മാന്റ് ചെയ്തു.

വേങ്ങര സിഐ ഹിദായത്തുള്ള മാമ്പ്ര, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ജി സാബുലാല്‍, എല്‍എസ് ബിനു, മനോജ്, ഷമീര്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.