വിവാദങ്ങള്‍ക്ക് വിട; യുഡിഎഫ് മേഖലാ ജാഥ തുടങ്ങി

Ummen-Chandi-350x184തിരുവനന്തപുരം: ഒടുവില്‍ യുഡിഎഫ് മേഖലാ ജാഥകള്‍ക്ക് തുടക്കമായി. തിരുവനന്തപുരത്ത് തെക്കന്‍ മേഖലാജാഥ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്തു. വിവാദങ്ങള്‍ ഉണ്ടാക്കി സംസ്ഥാനത്തിന്റെ വികസന പദ്ധതികള്‍ തടസ്സപ്പെടുത്താന്‍ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ആര്‍ക്കും എതിരല്ല യുഡിഎഫ് മേഖലാ ജാഥകള്‍. വികസന പ്രവര്‍ത്തനം സാധാരണക്കാരിലേക്കെത്തിക്കാനാണിത്. വിവാദങ്ങളുണ്ടാക്കി നേടാനുള്ളത് നേടാതിരിക്കുന്ന സ്ഥിതി ഉണ്ടാക്കുന്നത് ശരിയല്ല. വികസനങ്ങളുടെ പേരിലെ വിവാദങ്ങളും അംഗീകരിക്കില്ല. ആക്ഷേപങ്ങളും ആരോപണങ്ങളും ഒളിച്ചുവയ്ക്കാതെ ഏത് അന്വേഷണത്തേയും സര്‍ക്കാര്‍ സ്വാഗതം ചെയ്യുന്നുണ്ടെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

യുഡിഎഫില്‍ നിന്ന് ആരെയെങ്കിലും അടര്‍ത്തിമാറ്റാമെന്ന പ്രതിപക്ഷ ആഗ്രഹം മലര്‍പ്പൊടിക്കാരന്റെ സ്വപ്നമെന്ന് കെ പി സി സി പ്രസിഡന്റ് വി എം സുധീരന്‍ പറഞ്ഞു. ആര്‍എസ്പി നേതാവ് എന്‍ കെ പ്രേമചന്ദ്രനാണ് ജാഥാ ക്യാപ്റ്റന്‍.

വിഴിഞ്ഞം, കൊച്ചി മെട്രോ, ലൈറ്റ് മെട്രോ ഉള്‍പ്പൈട സര്‍ക്കാരിന്റെ വന്‍ പദ്ധതികളുടെ നേട്ടങ്ങള്‍ പറഞ്ഞും വിവാദ വിഷയങ്ങളില്‍ നിഷ്പക്ഷ അന്വേഷണം തുടരുന്നുണ്ടെന്ന പ്രതിരോധവുമായാണ് ജാഥകള്‍ പര്യടനം തുടങ്ങുന്നത്.

മലപ്പുറത്ത് മുസ്ലീം ലീഗ് ജില്ലാ പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്ത പാലക്കാട് മേഖലാ ജാഥാ ക്യാപ്ടന്‍ എം എം ഹസനാണ്. ഇരുപത്തിയഞ്ചാം തിയതി ഈ ജാഥകള്‍ സമാപിക്കും. വടക്കന്‍ മേഖലാ ജാഥ ജെഡിയു സംസ്ഥാന പ്രസിഡന്റ് വീരേന്ദ്രകുമാര്‍ ഉദ്ഘാടനം ചെയ്യും. കെ എം മാണി ഉദ്ഘാടനം ചെയ്യുന്ന മധ്യമേഖല ജാഥ 27ന് തുടങ്ങി ഒന്നാം തിയതി സമാപിക്കും.