വിഴിഞ്ഞം പദ്ധതി അദാനി ഗ്രൂപ്പിനെ ഏല്‍പ്പിച്ചതില്‍ കോണ്‍ഗ്രസ്‌ ഹൈക്കമാന്റിന്‌ അതൃപ്‌തി

Vizhinjam-port-master-planതിരുവനന്തപുരം: വിഴിഞ്ഞം പദ്ധതി അദാനി ഗ്രൂപ്പിനെ ഏല്‍പ്പിച്ചതില്‍ കോണ്‍ഗ്രസ്‌ ഹൈക്കമാന്റിന്‌ അതൃപ്‌തി. ഈ വിഷയത്തില്‍ തങ്ങളുടെ എതിര്‍പ്പ്‌ ഹൈക്കമാന്റ്‌ കെ പി സി സിയെ അറിയിച്ചു. ദേശീയ ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിക്കും ഇക്കാര്യത്തില്‍ എതിര്‍പ്പുണ്ട്‌. അദാനിയ്‌ക്ക്‌ ബി ജെ പി സര്‍ക്കാരുമായുള്ള ബന്ധമാണ്‌ ഹൈക്കമാന്റിന്റെ എതിര്‍പ്പിന്‌ കാരണം. എന്നാല്‍ ഇക്കാര്യത്തില്‍ കെ പി സി സി ഔഗ്യോഗിക വിശദീകരണം നല്‍കിയിട്ടില്ല.

അദാനി ഗ്രൂപ്പിന്‌ പദ്ധതി നല്‍കാനുള്ള കേരള സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ പ്രതിപക്ഷത്തുനിന്ന്‌ നേരത്തെ എതിര്‍പ്പുണ്ടായിരുന്നു. കോണ്‍ഗ്രസ്സ്‌ പാര്‍ട്ടിക്കകത്ത്‌ തന്നെ ഇക്കാര്യത്തില്‍ എതിര്‍പ്പുണ്ടായിരുന്നെങ്കിലും അത്‌ പരിഹരിച്ച ശേഷമാണ്‌ അദാനി ഗ്രൂപ്പിന്‌ പദ്ധതി നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തത്‌.

അതേസമയം യുപിഎ സര്‍ക്കാര്‍ ഈ പദ്ധതിയെ നീട്ടിക്കൊണ്ടുപോകാനാണ്‌ ശ്രമിക്കുന്നതെന്നും. എന്‍ഡിഎ സര്‍ക്കാര്‍ വന്നതിനു ശേഷമാണ്‌ പദ്ധതിയുമായുള്ള നടപടികള്‍ മുന്നോട്ട്‌ പോയതെന്നും ബിജെപി നേതാവ്‌ എം ടി രമേശ്‌ പറഞ്ഞു. തുറമുഖ നിര്‍മ്മാണത്തില്‍ മികച്ച നിലവാരവും സാങ്കേതിക വൈദഗ്‌ദ്യവുമുള്ളത്‌ കൊണ്ടാണ്‌ വിഴിഞ്ഞം പദ്ധതി അദാനി ഗ്രൂപ്പിന്‌ നല്‍കാന്‍ തീരുമാനിച്ചതെന്നും അദേഹം പറഞ്ഞു.

ഹൈക്കമാന്റ്‌ അതൃപ്‌തി അറിയിച്ചതുമായി ബന്ധപ്പെട്ട്‌ യാതൊരു വിവരവും കെ പി സി സിക്ക്‌ ലഭിച്ചിട്ടില്ലെന്നും. അങ്ങനെയുണ്ടെങ്കില്‍ ഹൈക്കമാന്റിനെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തുമെന്നും ടി എന്‍ പ്രതാപന്‍ എം എല്‍ എ പറഞ്ഞു.