വിളപ്പില്‍ ശാല പോലീസ് പിന്‍മാറി; ജനങ്ങളുടെ സമരത്തിനു ജയം.

തിരു : വിളപ്പില്‍ ശാലയില്‍ സമരക്കാരുടെ ഇച്ഛാശക്തിയ്ക്കു മുന്നില്‍ പോലീസ് പിന്‍മാറാന്‍ നിര്‍ബന്ധിതരായി. സ്ത്രീകളും കുട്ടികളുമടങ്ങുന്ന ജനക്കൂട്ടം വര്‍ദ്ധിതമായ സമരാവേശത്തോടെ പോലീസ് അറസ്റ്റ് ചെറുത്ത് തോല്‍പിക്കുകയായിരുന്നു. ഇതെതുടര്‍ന്ന് പോലീസ് നടപടി നിര്‍ത്തിവെക്കുകയും മാലിന്യലോറികള്‍ തിരകെ കൊണ്ടു പോവുകയുമായിരുന്നു. ഇതിനിടെ അക്രമാസക്തരായ വിളപ്പില്‍ ശാലാനഗരവാസികളെ പിരിച്ചുവിടാന്‍ പോലീസ് ടിയര്‍ഗ്യാസ് പ്രയോഗിക്കുകയും ലാത്തിച്ചാര്‍ജ്ജ് നടത്തുകയും ചെയ്തിരുന്നു.

വിളപ്പില്‍ ശാല പരിസരത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. ഒരാഴ്ച്ചത്തെ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. നിരോധനാജ്ഞ വകവെക്കാതെ വൈകുന്നേരം വരെ സമരാഹ്ലാദത്തിന്റെ വേലിയേറ്റം പോലെ വിളപ്പില്‍ ശാല നിവാസികള്‍ റോഡില്‍ വൈകുന്നേരവും തടിച്ച്കൂടിയിട്ടുണ്ട്.

വിളപ്പില്‍ ശാല നിവാസികളുമായി സംഘര്‍ഷത്തിനില്ലായെന്ന് മന്ത്രി വി.എസ്.ശിവകുമാര്‍ പറഞ്ഞു. കോടതി ഉത്തരവുള്ളതുകൊണ്ടാണ് പോലീസ് സംരക്ഷണം ഏര്‍പ്പാടുചെയ്തത്. മാലിന്യസംസ്‌കരണശാല വിളപ്പില്‍ ശാലയില്‍ നിന്നും മാറ്റണമെന്നാണ് ഗവണ്‍മെന്റ് നിലപാട്.

വിളപ്പില്‍ ശാലാസമരം തദ്ദേശീയ മുന്‍കൈയ്യില്‍ നടക്കുന്ന ജനകീയസമരങ്ങളുടെ ഉജ്ജ്വലമായ നിമിഷങ്ങളാണ് കേരളത്തിന് സമ്മാനിച്ചിരിക്കുന്നത്.