വിഭാഗീയത എന്ന് പറയുന്നത് എതിരാളികളെ സഹായിക്കാനാണ്: വിഎസ്

VS-Achuthanandanതിരുവനന്തപുരം: സി പി എം സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്ര കമ്മിറ്റി അംഗം വി എസ് അച്യുതാനന്ദന്‍ വീണ്ടും രംഗത്ത്. പാര്‍ട്ടി നേതൃത്വത്തിനെതിരെ എതിര്‍ ശബ്ദം ഉയരുന്നതില്‍ തെറ്റില്ലെന്ന് അദ്ദേഹം പറഞ്ഞു.

ഇതിനെ വിഭാഗീയതയായി കാണേണ്ടതില്ല. വിഭാഗീയത എന്ന് പറയുന്നത് എതിരാളികളെ സഹായിക്കാനാണെന്നും വി എസ് പറഞ്ഞു. സി പി എം സംസ്ഥാന സെക്രട്ടേറിയറ്റ് രൂപീകരണവുമായി ബന്ധപ്പെട്ട് വിഷയത്തിലായിരുന്നു വി എസിന്റെ പ്രതികരണം.

സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെയും വി എസ് വിമര്‍ശിച്ചു. പഴയ സെക്രട്ടറിയുടെ നിലപാടിനോട് സമാനമായ നിലപാടുകള്‍ കോടിയേരിക്കുണ്ട്. അദ്ദേഹത്തിന്റെ ചില അഭിപ്രായ പ്രകടനങ്ങള്‍ ഇതാണ് സൂചിപ്പിക്കുന്നതെന്നും വി എസ് പറഞ്ഞു.

മതനിരപേക്ഷ കക്ഷികളായ ആര്‍ എസ് പിയേയും വീരേന്ദ്ര കുമാര്‍ പക്ഷത്തേയും ഇടതുമുന്നണിയില്‍ അധിക്ഷേപിച്ച് ഇറക്കി വിടുകയായിരുന്നു. അവരെ തിരിച്ചു കൊണ്ടുവരാന്‍ മുന്‍കൈ എടുക്കും. 2004 നു ശേഷം വന്ന നേതൃത്വമാണ് കേരളത്തില്‍ ഇടതുപക്ഷത്തിന്റെ ശിഥിലീകരണത്തിന് കാരണം.

വീരേന്ദ്ര കുമാറിന് അര്‍ഹിച്ച സീറ്റ് നല്‍കിയില്ല. വര്‍ഗീയ പാര്‍ട്ടികളെ കൂട്ടുപിടിച്ച നേതൃത്വം ഇടത് മുന്നണിയില്‍ ഉണ്ടായിരുന്നവര്‍ക്ക് സീറ്റ് നിഷേധിക്കുകയായിരുന്നു. നേതാക്കളുടെ വാലായി നില്‍ക്കുന്ന ചിലര്‍ ഇപ്പോഴും ആര്‍ എസ് പിയെ വിമര്‍ശിക്കുകയാണെന്നും വി.എസ് പറഞ്ഞു.