വിനോദസഞ്ചാര സാധ്യതകള്‍ പഠിക്കാന്‍ വിദഗ്‌ധ സമിതി : കെ.ടി.ഡി.സി ചെയര്‍മാന്‍

കേരളത്തിന്റെ അനന്തമായ വിനോദസഞ്ചാര സാധ്യതകള്‍ ആഴത്തില്‍ പഠിച്ച്‌ റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കാന്‍ ഒരു വിദഗ്‌ദ്ധ സമിതിയെ ഏര്‍പ്പെടുത്തുമെന്ന്‌ എം. വിജയകുമാര്‍ പറഞ്ഞു. കെ.ടി.ഡി.സി ആസ്ഥാനത്ത്‌ ചുമതലയേറ്റശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
പതിനഞ്ചിന ഹ്രസ്വകാല പദ്ധതികളും അഞ്ചിന ദീര്‍ഘകാല പദ്ധതികളുമാണ്‌ നടപ്പിലാക്കാനുദ്ദേശിക്കുന്നത്‌. മാസ്‌ക്കറ്റ്‌ ഹോട്ടലിനെ പഴയ പ്രതാപത്തില്‍ കൊണ്ടുവരിക, കോവളം ജി.വി.രാജ കണ്‍വെന്‍ഷന്‍ സെന്റര്‍, ബോള്‍ഗാട്ടി പാലസ്‌ നവീകരണം, ബേക്കല്‍ റിസോര്‍ട്ടിന്റെ പണി സമയബന്ധിതമായി പൂര്‍ത്തിയാക്കി ആകര്‍ഷണ കേന്ദ്രമാക്കുക. തേക്കടിയിലെ ബോട്ടിംഗ്‌ പൂര്‍ണരൂപത്തിലാക്കുക എന്നിവയാണ്‌ ഹ്രസ്വകാല പദ്ധതികളായി ഉദ്ദേശിക്കുന്നത്‌. കെ.ടി.ഡി.സി.യുടെ കണ്ടക്ടഡ്‌ ടൂറുകള്‍ മികവുറ്റതാക്കാനും ഉദ്ദേശിക്കുന്നു. ഹ്രസ്വകാല പദ്ധതി ആരംഭിക്കേണ്ടത്‌ ജീവനക്കാരില്‍ നിന്നാണ്‌. ജീവനക്കാരാണ്‌ ഇതിന്റെ ശക്തി. ജീവനക്കാരുടെ എണ്ണം വര്‍ധിച്ചെങ്കിലും ജീവനക്കാരെ പൂര്‍ണമയും പ്രയോജനപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ല. ആതിഥ്യ വ്യവസായത്തിന്‌ പറ്റിയ നിലയില്‍ ജീവനക്കാരെ തയ്യാറാക്കണം. കെ.ടി.ഡി.സി ട്രെയിനിങ്‌ ഡിവിഷന്റെ പ്രവര്‍ത്തനം ശക്തിപ്പെടുത്തും. ജീവനക്കാരുടെ പരാതികള്‍ പരിഹരിക്കാന്‍ പരാതിപരിഹാര ഫോറം രൂപീകരിക്കും.
കെ.ടി.ഡി.സി.യുടെ സ്വത്തുവകകള്‍ മത്സരാധിഷ്‌ഠിതമാക്കണം. അവ ഘട്ടംഘട്ടമായി പുതുക്കിപ്പണിയണം. പ്രാഥമിക പഠനം നടത്തി അറ്റകുറ്റപ്പണികള്‍ക്ക്‌ മുന്‍ഗണന കൊടുക്കും. പ്രിവന്റീവ്‌ മെയിന്റനന്‍സ്‌ പ്രോട്ടോകോള്‍ അടിയന്തരമായി നടപ്പാക്കും. പ്രവര്‍ത്തനങ്ങള്‍ക്ക്‌ മാസംതോറും മോണിറ്ററിംഗ്‌ നടത്താന്‍ ഉദ്ദേശിക്കുന്നു. കെ.ടി.ഡി.സിയിലെ വിജിലന്‍സ്‌ സെല്‍ ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഉപഭോക്തൃ സംതൃപ്‌തിയാണ്‌ പ്രധാനം. ഓണ്‍ലൈന്‍ റിസര്‍വേഷന്‍ ഉപഭോക്തൃ സൗഹൃദപരമാക്കാനുള്ള ശ്രമം ഉടന്‍ ആരംഭിക്കേണ്ടതുണ്ട്‌. കെ.ടി.ഡി.സി.യെ പൂര്‍ണമായും കമ്പ്യൂട്ടര്‍വത്‌കരിക്കുന്നതിനാണ്‌ ആദ്യ പരിഗണനയെന്ന്‌ കെ.ടി.ഡി.സി ചെയര്‍മാന്‍ എം. വിജയകുമാര്‍ പറഞ്ഞു. സംസ്ഥാനത്തെ പ്രധാന പാതകള്‍ മുഴുവന്‍ വഴിയോര വിശ്രമകേന്ദ്രങ്ങള്‍ സ്ഥാപിക്കും. വൃത്തിയുള്ള ശുചിമുറികള്‍ ഇവിടെയുണ്ടാകും.
ചെന്നൈ, ബംഗളൂരു, ഹൈദരാബാദ്‌, ന്യൂഡല്‍ഹി തുടങ്ങിയ നഗരങ്ങളിലും മൂകാംബിക, കന്യാകുമാരി, ഗുരുവായൂര്‍, തിരുപ്പതി തുടങ്ങിയ തീര്‍ത്ഥാടന കേന്ദ്രങ്ങളിലും ഗസ്റ്റ്‌ ഹൗസ്‌ കം ഹോട്ടലുകള്‍ നിര്‍മ്മിക്കാന്‍ പദ്ധതിയുണ്ട്‌. തലശേരി മുഴപ്പിലങ്ങാട്‌ ഡ്രൈവ്‌-ഇന്‍-ബീച്ചിലും പ്രധാന പദ്ധതി കൊണ്ടുവരും