വിദ്യാര്‍ഥികള്‍ ധാര്‍മിക മൂല്യങ്ങള്‍ക്ക് ഊന്നല്‍ നല്‍കണം: വിദ്യാഭ്യാസ മന്ത്രി

താനൂര്‍: വിദ്യാര്‍ഥികള്‍ ധാര്‍മിക മൂല്യങ്ങള്‍ക്ക് ഊന്നല്‍ നല്‍കുന്നവരായി മാറണമെന്ന് വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുറബ്ബ്. ഇക്കാര്യത്തില്‍ വിദ്യാര്‍ഥി സംഘടനകള്‍ക്ക് വലിയ പങ്കാളിത്തം വഹിക്കാന്‍ കഴിയുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എസ് എസ് എഫ് സംഘടിപ്പിച്ച എക്‌സലന്‍സി ടെസ്റ്റ്-2012 ന്റെ സംസ്ഥാനതല ഉദ്ഘാടനം താനൂര്‍ എസ് എം എം ഹയര്‍സെക്കന്ററി സ്‌കൂളില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു വിദ്യാഭ്യാസ മന്ത്രി.

 

ആധുനിക സാങ്കേതിക വിദ്യകളുടെ ഗുണപരമായ വശം പ്രയോജനപ്പെടുത്താനാണ് വിദ്യാര്‍ഥികള്‍ ശ്രമിക്കേണ്ടത്. വിദ്യാഭ്യാസ രംഗത്തെ മാറ്റങ്ങള്‍ ജില്ലയില്‍ പ്രകടമാണ്. വിവിധ പരീക്ഷകളില്‍ ജില്ലയില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ ഉന്നത വിജയം നേടുന്നത് ഇതിന്റ തെളിവാണെന്നും അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസ രംഗത്ത് കാലോചിതമായ പരിഷ്‌ക്കാരങ്ങള്‍ക്ക് ആക്കം കൂട്ടുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ഈ രംഗത്തെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

എന്‍ എം സ്വാദിഖ് സഖാഫി അധ്യക്ഷത വഹിച്ചു. താനൂര്‍ പഞ്ചായത്ത് പ്രസിഡന്റ് എം പി അഷ്‌റഫ്, ബ്ലോക്ക് പഞ്ചായത്തംഗം കെ സലാം, പ്രൊഫ. ബാബു, എന്‍ വി അബ്ദുര്‍റസാഖ് സഖാഫി, സൈനുദ്ദീന്‍ സഖാഫി എന്നിവര്‍ സംസാരിച്ചു. കെ അബ്ദുല്‍ കലാം സ്വാഗതവും എം അബ്ദുല്‍ മജീദ് നന്ദിയും പറഞ്ഞു