വിദ്യാര്‍ഥികളുടെ മുന്നിലിട്ട് അധ്യാപികയെ തീകൊളുത്തി

ബംഗളൂരു: വിദ്യാര്‍ഥികളുടെ മുന്നിലിട്ട് അധ്യാപികയെ തീകൊളുത്തി. ബംഗളൂരുവിലെ സര്‍ക്കാര്‍ സ്‌കൂളിലാണ്‌ ഞെട്ടിക്കുന്ന സംഭവം. മുന്‍ ബിസിനസ് പങ്കാളിയാണ് അധ്യാപികയെ തീകൊളുത്തിയത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ച 50 കാരി  ഗുരുതരാവസ്ഥയില്‍ ഇപ്പോഴും തുടരുകയാണ്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ബംഗളൂരുവില്‍ നിന്നും 60 കിലോമീറ്റര്‍ അകലെ മഗഡിയിലാണ് സംഭവം ഉണ്ടായതെന്നാണ് റിപ്പോര്‍ട്ട്. അധ്യാപികയായ സുനന്ദ ബുധനാഴ്ച്ച അഞ്ചാം ക്ലാസില്‍ പഠിപ്പിച്ചുകൊണ്ടിരിക്കെ രണ്ട് മണിയോടെ രേണുകാധാര്യ എന്നയാളെത്തി ഒച്ചവെക്കുകയായിരുന്നു.

തര്‍ക്കം മുറുകുകയും ക്ലാസില്‍ നിന്ന് പുറത്ത് പോകാന്‍ സുനന്ദ ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ ഉടന്‍ തന്നെ സുനന്ദയുടെ ശരീരത്ത് മണ്ണെണ്ണ ഒഴിച്ച് ഇയാള്‍ തീകൊളുത്തുകയായിരുന്നു. ക്ലാസിലുണ്ടായിരുന്ന കുട്ടികള്‍ പേടിച്ചു കരഞ്ഞു. ഒച്ചകേട്ട് മറ്റുള്ളവര്‍ ഓടിയെത്തി സുനന്ദയെ ആശുപത്രിയിലെത്തിച്ചു. 50 ശതമാനം പൊള്ളലേറ്റിട്ടുണ്ട്.