വിദ്യാര്‍ഥികളുടെ അപകട യാത്ര; ദേവധാര്‍ റെയില്‍വെ നടപ്പാലം വേണമെന്ന ആവശ്യം ശക്തം

താനൂര്‍: താനൂര്‍ ദേവധാറില്‍ റെയില്‍വെ നടപ്പാലം വേണമെന്ന ആവശ്യം ശക്തമാകുന്നു. റെയില്‍വെ മേല്‍പ്പാലം വരുന്നതോടെ ദേവധാര്‍ പരിസരം വിദ്യാര്‍ഥികള്‍ക്ക് അപടക്കെണിയാകുമെന്ന കാരണത്താലാണ് വിദ്യാര്‍ഥികളുടെ സൗകര്യാര്‍ത്ഥം നടപ്പാലം നിര്‍രിക്കണമെന്ന ആവശ്യം ശക്തമാകുന്നത്.

 

നിലവില്‍ ദേവധാര്‍ ഹയര്‍ സെക്കന്ററി സ്‌കൂളടക്കം പ്രദേശത്തെ 3 സ്‌കൂളുകളിലേക്ക് വിദ്യാര്‍ഥികള്‍ കടന്നു പോകുന്നത് റെയില്‍വെ ലൈന്‍ മുറിച്ചുകടന്നാണ്. റെയില്‍വെ ഗേറ്റ് ഉള്ളത് വിദ്യാര്‍ഥികള്‍ക്ക് ട്രെയിന്‍ വരുന്നതിന്റെ സൂചനയാണ്. എന്നാല്‍ മേല്‍പ്പാലം യാഥാര്‍ത്ഥ്യമാകുന്നതോടെ ഗേറ്റ് നീക്കം ചെയ്യപ്പെടും. പാലം കടന്നു പോകുന്നതിന് വിദ്യാര്‍ഥികള്‍ക്ക് കിലോമീറ്റര്‍ സഞ്ചരിക്കേണ്ടതായും വരും. ഇതോടെ റെയില്‍വെ ലൈന്‍ മുറിച്ചു കടക്കുന്നത് വ്യാപകമാകാന്‍ ഇടയുണ്ട്. കര്‍ശനമായ നിയന്ത്രണങ്ങള്‍ നിലനില്‍ക്കുമ്പോള്‍ തന്നെ രണ്ടുവര്‍ഷത്തിനുള്ളില്‍ 6ഓളം കുരുന്നു ജിവനുകള്‍ ഇവിടെ പൊലിഞ്ഞുപോയിട്ടുണ്ട്. റെയില്‍വേ മേല്‍പാലത്തിന്റെ നിര്‍മാണം ഏതാണ്ട് പൂര്‍ത്തിയാകുന്ന ഘട്ടത്തില്‍ തന്നെ 5000ത്തോളം വരുന്ന വിദ്യാര്‍ത്ഥികളുടെ സുരക്ഷിതത്വം പരിഗണിക്കണമെന്ന ആവശ്യം ശക്തമാകുകയാണ്.

 

അടിയന്തിര നടപടി വേണമെന്നാവശ്യപ്പെട്ട് ഡി വൈ എഫ് ഐ, എസ് എഫ് ഐ പ്രവര്‍ത്തകര്‍ ഇന്ന് സായാഹ്ന ധര്‍ണ നടത്തി. ഡി വൈ എഫ് ഐ ജില്ലാ പ്രസിഡന്റ് അബ്ദുള്ള നവാസ്, എസ് എഫ് ഐ ജില്ലാ സെക്രട്ടറി സാനു, സി പി എം ഏരിയാ സെക്രട്ടറി ഇ ജയന്‍ എന്നിവര്‍ സംസാരിച്ചു.