വിദ്യാര്‍ത്ഥിയെ വെടിവെച്ച് കൊന്ന റിട്ട.ആര്‍മി ഓഫീസര്‍ക്ക് ജീവപര്യന്തം.

ചെന്നൈ : സ്‌കൂള്‍ വിദ്യാര്‍ത്ഥിയായിരുന്ന ദില്‍ഷന്‍ എന്ന13 കാരനെ വെടിവെച്ച് കൊലപ്പെടുത്തിയ റിട്ട. ആര്‍മി ഓഫീസര്‍ ലഫ്‌നന്റ് കേണല്‍ കന്തസ്വാമി രാമരാജന് ജീവപര്യന്തം.

2011 ജൂലൈ 3 നാണ് കേസിനാസ്പദമായ സംഭവം. മിലിറ്ററി ക്യാമ്പിനടുത്തെ ബദാംമരത്തില്‍ നിന്നും കായ പറിക്കുന്നതിനിടെ കുട്ടിയെ മിലിറ്ററി കോര്‍ട്ടേഴ്‌സില്‍നിന്നും വെടിവെക്കുകയായിരുന്നു. എന്നാല്‍ ആര്‍മി തങ്ങളല്ല വെടിവെച്ചതെന്ന നിലപാടിലായിരുന്നു ആദ്യം. തുടര്‍ന്ന് നടത്തിയ പോസ്റ്റമോര്‍ട്ടത്തില്‍ കുട്ടിയുടെ മരണകാരണം വെടിയുണ്ട ശരീരത്തില്‍ തുളഞ്ഞ് കയറിയതുമൂലമാണെന്ന് കണ്ടെത്തിയിരുന്നു.

സംഭവത്തെ തുടര്‍ന്ന് പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് തമിഴ്‌നാട് ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തില്‍ കന്തസ്വാമി കുറ്റക്കാരനാണെന്നും വെടിവെക്കാന്‍ ഉപയോഗിച്ച തോക്കും കണ്ടെത്തിയിരുന്നു. കൂടുതല്‍ ചോദ്യം ചെയ്യലില്‍ താന്‍ തന്നെയാണ് വെടി വെച്ചതെന്ന കന്തസ്വാമി പോലീസിനോട് സമ്മതിക്കുകയായിരുന്നു.