വിദ്യാര്‍ത്ഥികള്‍ക്ക് ഡി.ടി.പി.സിയുടെ ഡോര്‍മെറ്ററി വരുന്നു.

തിരു: വിനോദസഞ്ചാരത്തിന് നഗരത്തിലെത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ (ഡി.ടി.പി.സി) ഡോര്‍മെറ്ററി സൗകര്യം ഒരുക്കുന്നു. പ്രിയദര്‍ശിനി പ്ലാനറ്റോറിയത്തില്‍ പഠനയാത്രക്കും ക്ാഴ്ചബംഗ്ലാവ്, ബീച്ച്, മൃഗശാല, ആര്‍ട്ട് ഗ്യാലറി, കനകക്കുന്ന് കൊട്ടാരം എന്നിവിടങ്ങള്‍ സന്ദര്‍ശിക്കാനും എത്തുന്ന കുട്ടികള്‍ക്കായാണ് ടോയ്‌ലറ്റ് സൗകര്യമുള്‍പ്പെടെയുള്ള ഡോര്‍മെറ്ററി ഒരുക്കുന്നത്. മിനിമം ഫീസ് ഈടാക്കും. നഗരത്തിലായിരിക്കും ഡോര്‍മെറ്ററികള്‍ സ്ഥാപിക്കുക.


വര്‍ഷംതോറും നൂറുകണക്കിന് കുട്ടികളാണ് തലസ്ഥാനത്തെത്തുന്നത്. ഇവരെല്ലാം ടൂറിസ്റ്റ്‌ഹോമുകളിലും മറ്റുമാണ് താമസിക്കുന്നത്. അമിതചാര്‍ജ്ജാണ് ഇവിടെ ഈടാക്കുന്നത്. വിദ്യാര്‍ത്ഥിനികള്‍ക്ക് അത്യാവശ്യമായ സൗകര്യങ്ങളുമില്ല. പല സന്ദര്‍ശനസ്ഥലങ്ങളിലും ടോയ്‌ലറ്റ് സൗകര്യമില്ല. അന്യസംസ്ഥാനക്കാര്‍ ഇക്കാര്യം ചൂണ്ടിക്കാട്ടി ടൂറിസം വകുപ്പിന് പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കൂടിയാണ് ഡോര്‍മെറ്ററി തുടങ്ങാന്‍ ഡി.ടി.പി.സി തീരുമാനിച്ചത്.