വിദ്യാര്‍ത്ഥികളുടെ വാഹനം ക്യാമ്പസുകളില്‍ പ്രവേശിപ്പിക്കരുത്‌;ഹൈക്കോടതി

Kerala High Courtകൊച്ചി: കലാലയങ്ങളില്‍ വാഹനം പ്രവേശിപ്പിക്കുന്നതില്‍ നിയന്ത്രണം വേണമെന്ന്‌ ഹൈക്കോടതി. സി ഇ ടി കോളേജിലെ അപകടത്തിന്റെ പശ്ചാത്തലത്തിലാണ്‌ കോടതിയുടെ ഈ വിധി. തിരുവനന്തപുരം കോളേജ്‌ ഓഫ്‌ എഞ്ചിനീയറിങ്ങില്‍ തെസ്‌നി ബഷീര്‍ എന്ന വിദ്യാര്‍ത്ഥിയുടെ മരണത്തെ തുടര്‍ന്നുണ്ടായ സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തിലാണ്‌ ഹൈക്കോടതിയുടെ ഈ നിര്‍ദേശം.

വിദ്യാര്‍ത്ഥികളുടെ വാഹനം ഒരു കാരണവശാലും ക്യാമ്പസുകളില്‍ പ്രവേശിപ്പിക്കരുതെന്ന്‌ ഹൈക്കോടതി നിര്‍ദേശിച്ചു. അധ്യാപകരുടെ വാഹനങ്ങള്‍ മാത്രമെ ക്യാമ്പസുകളില്‍ അനുവദിക്കാവൂവെന്നും കോടതി വ്യക്തമാക്കി. രാത്രി ഒമ്പതുമണിക്ക്‌ ശേഷം കോളേജില്‍ ആഘോഷപരിപാടികള്‍ പാടില്ലെന്നും കോടതി നിര്‍ദേശിച്ചു.

ഓണാഘോഷത്തിനിടെ ആഗസ്‌റ്റ്‌ 19 നാണ്‌ മലപ്പുറം സ്വദേശിനിയായ തസ്‌നി ബഷീറിനെ ജീപ്പിടിച്ച്‌ പരിക്കേറ്റത്‌. തുടര്‍ന്ന്‌ ആഗസ്റ്റ്‌ 20 ന്‌ രാത്രി തസ്‌നി മരിക്കുകയായിരുന്നു. ഈ സഭവവുമായി ബന്ധപ്പെട്ട്‌ 24 വിദ്യാര്‍ത്ഥികള്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഈ കേസ്‌ പരിഗണിക്കവെയാണ്‌ ഹൈക്കോടതി ഈ നിര്‍ദേശം പുറപ്പെടുവിച്ചത്‌.

കോളേജ്‌ ക്യാമ്പസുകള്‍ക്ക്‌ പുറത്ത്‌ ചെക്ക്‌ പോസ്‌റ്റ്‌ സ്ഥാപിക്കുകയും ഗാര്‍ഡിനെ നിര്‍ത്തുകയും ചെയ്യണം. ഇതുമായി ബന്ധപ്പെട്ട്‌ സര്‍ക്കാര്‍ പുറപ്പെടുവിക്കുന്ന നിര്‍ദേശങ്ങള്‍ കടലാസില്‍ മാത്രം ഒതുങ്ങരുതെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്‌.

ഇക്കാര്യങ്ങള്‍ എത്രയും പെട്ടെന്ന്‌ യൂണിവേഴ്‌സിറ്റികളെ എത്രയും പെട്ടന്ന്‌ അറിയിക്കണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്‌. അതെസമയം കോളേജില്‍ നിന്ന്‌ പുറത്താക്കപ്പെട്ട വിദ്യാര്‍ത്ഥികളുടെ കാര്യത്തില്‍ കോടതിക്കു തീരുമാനമെടുക്കാനാവില്ലെന്നും വിദ്യാര്‍ത്ഥികള്‍ യൂണിവേഴ്‌സിറ്റികളെ സമീപിക്കണെമെന്നുമാണ്‌ കോടതി പറഞ്ഞത്‌.