വിദ്യാഭ്യാസ മേഖലയില്‍ വിപ്ലവം സൃഷ്‌ടിക്കാന്‍ ജില്ലയ്‌ക്ക്‌ കഴിഞ്ഞു: മന്ത്രി പി.കെ. അബ്‌ദുറബ്ബ്‌

ABDU RUBBതിരൂര്‍: വിദ്യാഭ്യാസ മേഖലയില്‍ വിപ്ലവം സൃഷ്‌ടിക്കാന്‍ ജില്ലയ്‌ക്ക്‌ കഴിഞ്ഞതായി വിദ്യാഭ്യാസമന്ത്രി പി.കെ. അബ്‌ദുറബ്ബ്‌ പറഞ്ഞു. പ്ലസ്‌ടു പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ്‌ ലഭിച്ച വിദ്യാര്‍ഥികളെ ആദരിക്കുന്നതിന്റെ ഭാഗമായി ജില്ലാ പഞ്ചായത്ത്‌ തിരൂര്‍ മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ നടത്തിയ പരിപാടി ഉദ്‌ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു മന്ത്രി. ഹയര്‍ സെക്കന്‍ഡറി/വി.എച്ച്‌.എസ്‌.സി പരീക്ഷകളില്‍ എല്ലാ വിഷയത്തിലും എ പ്ലസ്‌ ലഭിച്ച വിദ്യാര്‍ഥികളെയും 100 ശതമാനം വിജയം കൈവരിച്ച സ്‌കൂളുകളെയും മെഡിക്കല്‍ എന്‍ട്രന്‍സ്‌ പരീക്ഷയില്‍ 1000ല്‍ താഴെ റാങ്കില്‍ വന്ന വിദ്യാര്‍ഥികളെയും എസ്‌.എസ്‌.എല്‍.സി പരീക്ഷയില്‍ ആദ്യ ഫല പ്രഖ്യാപനത്തിന്‌ ശേഷം എപ്ലസ്‌ ലഭിച്ച വിദ്യാര്‍ഥികളെയുമാണ്‌ ജില്ലാ പഞ്ചായത്ത്‌ ‘വിജയഭേരി’ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി ആദരിച്ചത്‌. പരിപാടിയില്‍ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സുഹ്‌റ മമ്പാട്‌ അധ്യക്ഷയായി.
എസ്‌.എസ്‌.എല്‍.സി വിഭാഗത്തില്‍ 250 ഉം, പ്ലസ്‌ടുവില്‍ 670 ഉം, മെഡിക്കല്‍ എന്‍ട്രന്‍സ്‌ 86 ഉം, വി.എച്ച്‌.എസ്‌.സി വിഭാഗത്തില്‍ ഒരാളെയുമാണ്‌ ആദരിച്ചത്‌. സി.കെ. മമ്മൂട്ടി എം.എല്‍.എ. ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിങ്‌്‌ കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ കെ.പി ജല്‍സീമിയ, തിരൂര്‍ നഗരസഭാ വൈസ്‌ ചെയര്‍മാന്‍ പി.രാമന്‍കുട്ടി, എം.പി. കുമാരു തുടങ്ങിയവര്‍ സംസാരിച്ചു.