വിദ്യാഭ്യാസ അവകാശ നിയമം പരിശീലനം ഉദ്ഘാടനം 4 ന് തിരൂരങ്ങാടിയില്‍

സര്‍വ ശിക്ഷാ അഭിയാന്‍ സംസ്ഥാനത്ത് തദ്ദേശസ്വയം ഭരണസ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍ക്ക് വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ വിവിധ വശങ്ങളെ സംബന്ധിച്ച് നല്‍കുന്ന പരിശീലന പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം 2012 നവംബര്‍ 4 ന് ഞായറാഴ്ച രാവിലെ 9.30 ന് തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. ബഹു. വിദ്യാഭ്യാസ വകുപ്പുമന്ത്രി

ശ്രീ. പി. കെ. അബ്ദുറബ്ബ് ഉദ്ഘാടനം നിര്‍വ്വഹിക്കും. ജില്ലാപഞ്ചായത്ത് പ്രസിഡന്റ്
ശ്രീമതി. സുഹറ മമ്പാട് അധ്യക്ഷ വഹിക്കും. രാഷ്ട്രീയ സംസ്‌കാരിക വിദ്യാഭ്യാസ രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും. നവംബര്‍ 10 നകം സംസ്ഥാനത്തൊട്ടാകെ ആദ്യഘട്ട പരിശീലനം ബ്ലോക്ക് തലത്തില്‍ പൂര്‍ത്തിയാക്കും.
വിദ്യാഭ്യാസ അവകാശ നിയമത്തെക്കുറിച്ച് ജനപ്രതിനിധികള്‍ക്ക് അവബോധം ഉണ്ടാക്കി അവരുടെ പരിധിയില്‍ വരുന്ന വിദ്യാലയങ്ങളെ ഈ നിയമത്തില്‍ പറയുന്ന കാര്യങ്ങള്‍ പൂര്‍ണമായും നേടാന്‍ പ്രാപ്തമാക്കുകയാണ് പരിശീലനത്തിന്റെ ലക്ഷ്യം. തുടര്‍ന്ന് സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റികളോടൊപ്പം പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാവുക, പഞ്ചായത്ത് തലത്തില്‍ സ്‌കൂളുകളുടെ ഭൗതിക അക്കാദമിക പുരോഗതി ഉറപ്പാക്കി ഗുണമേന്മയുള്ള വിദ്യാഭ്യാസം എല്ലാവര്‍ക്കും ലഭ്യമാക്കാനായി കാര്യക്ഷമമായി ഇടപെടാന്‍ അവസരം ഒരുക്കുക എന്നിവയും ഈ പരിശീലന പരിപാടിയുടെ ലക്ഷ്യമാണ്.
തിരൂരങ്ങാടി നിയോജക മണ്ഡലത്തിലെ ത്രിതല പഞ്ചായത്തുകളിലെ മുഴുവന്‍ ജനപ്രതിനിധികളും നവംബര്‍ 4 ലെ പരിശീലന പരിപാടിയില്‍ പങ്കെടുക്കണമെന്ന് വിദ്യാഭ്യാസവകുപ്പുമന്ത്രിയുടെ ഓഫീസില്‍ നിന്ന് അറിയിച്ചു. തുടര്‍ന്ന് സംസ്ഥാനത്തെ മുഴുവന്‍ നിയോജക മണ്ഡലങ്ങളിലെയും ത്രിതല പഞ്ചായത്തിലെ ജനപ്രതിനിധികള്‍ക്ക് പരിശീലനം നല്‍കും.