വിദ്യയോടൊപ്പം വൃത്തി : സ്‌കൂളുകളില്‍ ശുചിത്വ പരിശോധന നടത്തും

മലപ്പുറം: ആരോഗ്യസുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനായി ആരോഗ്യവകുപ്പിന്റെ പ്രത്യേക സംഘം മെയ്‌ 31 ന്‌ ജില്ലയിലെ സ്‌കൂളുകളില്‍ പരിശോധന നടത്തും. ‘വിദ്യയോടൊപ്പം വൃത്തിയും’ യജ്ഞത്തിന്റെ ഭാഗമായാണ്‌ സ്‌കൂളുകള്‍ തുറക്കുന്നതിന്‌ മുന്നോടിയായി ഹെല്‍ത്ത്‌ ഇന്‍സ്‌പെക്‌ടര്‍മാരുടെ നേതൃത്വത്തില്‍ പരിശോധന നടത്തുന്നത്‌.
സ്‌കൂളുകളില്‍ നടത്തിയ മഴക്കാലപൂര്‍വ പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി ആവശ്യമായ നിര്‍ദേശങ്ങള്‍ സ്‌കൂളുകള്‍ക്ക്‌ നല്‍കും. പൊതുശുചിത്വം, ശുചിമുറികള്‍, പാചകപ്പുര, ഭക്ഷ്യധാന്യങ്ങളുടെ സംഭരണമുറി, പാചകപാത്രങ്ങള്‍, കൈകഴുകുന്ന സ്ഥലം തുടങ്ങിയവ പരിശോധിക്കും. സ്‌കൂളിലെ പാചകതൊഴിലാളികള്‍ ഹെല്‍ത്ത്‌ കാര്‍ഡ്‌ എടുത്തിട്ടുണ്ടെന്ന്‌ ഉറപ്പു വരുത്തും. ഹെല്‍ത്ത്‌ കാര്‍ഡ്‌ എടുക്കാത്തവര്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ നിന്നും ഹെല്‍ത്ത്‌ കാര്‍ഡ്‌ എടുക്കണം.
അതത്‌ പ്രദേശങ്ങളിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ക്കാണ്‌ പരിശോധനയുടെ ഏകോപനചുമതല. ജില്ലയിലെ തിരഞ്ഞെടുത്ത വിദ്യാലയങ്ങളില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. വി.ഉമ്മര്‍ ഫാറൂഖിന്റെ നേതൃത്വത്തിലുള്ള സംഘമാണ്‌ പരിശോധന നടത്തുക.