വിദേശയത്രയ്‌ക്കായി ഒരു വര്‍ഷം മോദി ചിലവഴിച്ചത്‌ 37 കോടി

modi1ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദി വിദേശയാത്രയ്‌ക്കായി ഒരു വര്‍ഷം ചിലവഴിച്ചത്‌ 37 കോടിയെന്നു കണക്കുകള്‍. ഇതില്‍ മോദിയുടെ ഓസ്‌ട്രേലിയന്‍ യാത്രയാണ്‌ ഏറ്റവും ചിലവേറിയതെന്നാണ്‌ റിപ്പോര്‍ട്ട്‌. വിവരാവകാശ നിയമപ്രകാരം ലഭിച്ച റിപ്പോര്‍ട്ട്‌ അനുസരിച്ച്‌ 16 വിദേശരാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ മോദി 37.22 കോടി രൂപയാണ്‌ ചിലവഴിച്ചത്‌. 2014 ജൂണിനും 2015 ജൂണിനും ഇടയില്‍ 20 വിദേശരാജ്യങ്ങളാണ്‌ മോദി സന്ദര്‍ശിച്ചത്‌. എന്നാല്‍ ജപ്പാന്‍, ശ്രീലങ്ക, ഫ്രാന്‍സ്‌, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങളിലെ യാത്രാചിലവു സംബന്ധിച്ച വിവരം വിവരാവകാശപ്രകാരം വെളിപ്പെടുത്താന്‍ തയ്യാറായില്ല.

ഓസ്‌ട്രേലിയ, യു എസ്‌, ജര്‍മ്മനി, ഫിജി, ചൈന തുടങ്ങിയ രാജ്യങ്ങളിലേക്കുളള യാത്രയ്‌ക്കാണ്‌ ഏറ്റവുമധികം പണം ചിലവഴിക്കേണ്ടി വന്നത്‌. ഭൂട്ടാന്‍ യാത്രയ്‌ക്കാണ്‌ ചിലവ്‌ ഏറ്റവും കുറവ്‌. 41.33 ലക്ഷം രൂപയാണ്‌ ഭൂട്ടാന്‍ യാത്രയുടെ ചിലവ്‌.

ഓസ്‌ട്രേലിയന്‍ ഹോട്ടലുകളില്‍ താമസിക്കാനായി 5.60 കോടി രൂപയാണ്‌ മോദിയും സംഘവു ചിലവഴിച്ചത്‌. ഇതിനു പുറമെ കാര്‍ വാടകയായി 2.40 കോടി രൂപയും ചിലവാക്കി.

ന്യൂയോര്‍ക്കില്‍ താമസിത്തിനായി 9.16 ലക്ഷം രൂപ എസ്‌ പി ജി സംഘത്തിനുവേണ്ടിയും 11.51 ലക്ഷം രൂപ മോദിയ്‌ക്കുവേണ്ടിയും ചിലവഴിച്ചു. ന്യൂയോര്‍ക്ക്‌ പാലസ്‌ ഹോട്ടലിലാണ്‌ സംഘം താമസിച്ചത്‌. എസ്‌ പി ജി സംഘത്തിന്റെ കാര്‍ വാടകയായി 39 ലക്ഷവും പ്രസാര്‍ഭാരതിയുടെ യാത്രാചിലവായി 3 ലക്ഷം രൂപയും ചിലവഴിച്ചു. ജര്‍മ്മനിയില്‍ 3.80 ലക്ഷം രൂപ ഹോട്ടല്‍ വാടകയിനത്തിലും 1.31 ലക്ഷം നിത്യച്ചിലവുകള്‍ക്കും 19,405 രൂപ യാത്രായിനത്തിലും ചിലവാക്കി.

ഇടയ്‌ക്കിടെയുള്ള വിദേശപര്യടനങ്ങളുടെ പേരില്‍ മോദി നിരവധി വിമര്‍ശനങ്ങള്‍ ഇതിനികം തന്നെ ഏറ്റുവാങ്ങിയിട്ടുണ്ട്‌. അധികാരത്തിലെത്തി ഒരു വര്‍ഷത്തിനുള്ളില്‍ 53 ദിവസമാണ്‌ വിദേശയത്രകള്‍ക്കായി മോദി ചിലവഴിച്ചത്‌.