വികലാംഗ എല്‍ഡി ക്ലാര്‍ക്ക്‌ പരീക്ഷഫലം;ഉദ്യോഗാര്‍ഥികള്‍ ആശങ്കയില്‍

കോട്ടക്കല്‍: വികലാംഗര്‍ക്കു വേണ്ടിയുള്ള എല്‍ഡി ക്ലര്‍ക്ക്‌ പരീക്ഷ ഫല പ്രഖ്യാപനം പരീക്ഷാര്‍ഥികളുടെ യോഗ്യതയെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന്‌ വൈകുന്നു. 2014 ഓഗസ്‌റ്റ്‌ 6 നാണ്‌ സംസ്ഥാനത്തെ 14 ജില്ലകളിലായി വികലാംഗര്‍ക്കു വേണ്ടി സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ്‌ എല്‍ഡിസി പരീക്ഷ നടത്തിയത്‌. നിലവില്‍ ഒരു വര്‍ഷം പിന്നിട്ടിട്ടും ഫലം പ്രഖ്യാപിച്ച്‌ ഷോര്‍ട്ട്‌ ലിസ്‌റ്റ്‌ പുറത്തിറക്കാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല. ഇതുമൂലം ബാക്ക്‌ലോഗ്‌ നടപടികള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്‌. 2003-07 കാലയളവില്‍ വികലാംഗര്‍ക്ക്‌ വേണ്ടിയുള്ള നിയമനങ്ങള്‍ നടന്നിട്ടില്ല. ഇക്കാലയളവിലുണ്ടായ ഒഴിവിലാക്കായാണ്‌ വികലാംഗര്‍ക്കു പ്രത്യേകമായി 2014 ല്‍ പിഎസ്‌സി പരീക്ഷ നടത്തിയത്‌. പരീക്ഷ എഴുതുന്ന സമയത്ത്‌ പരീക്ഷ നടത്തിപ്പിനെ സംബന്ധിച്ച്‌ തര്‍ക്കം നടന്നിരുന്നു 2014 ഓഗസ്‌റ്റ്‌ 6 ന്‌ സംസ്ഥാനത്തെ മുഴുവന്‍ ജില്ലകളിലും രാവിലെ ഏഴരക്കാണ്‌ പരീക്ഷ തുടങ്ങിയത്‌. അതിരാവിലെ തുടങ്ങിയ പരീക്ഷയായതിനാല്‍ പരീക്ഷാര്‍ഥികളില്‍ ഗണ്യമായ കുറവുണ്ടായി. മലപ്പുറം ജില്ലയില്‍ നിന്ന്‌ അപേക്ഷിച്ച 1023 പേരില്‍ 410 പേരാണ്‌ പരീക്ഷ എഴുതിയത്‌. മലപ്പുറത്ത്‌ റിപോര്‍ട്ടു ചെയ്‌ത 18 ഒഴിവിലേക്കായാണ്‌ പരീക്ഷ നടന്നത്‌. മറ്റു ജില്ലകളിലും അപേക്ഷിച്ചവരില്‍ പകുതിയില്‍ താഴെ ആളുകള്‍ മാത്രമാണ്‌ എത്തിയതെന്നാണ്‌ ലഭിക്കുന്ന വിവരമെന്ന്‌ പരീക്ഷാര്‍ഥികള്‍ പറയുന്നു. എന്നാല്‍ നടത്തിയ പരീക്ഷയില്‍ തന്നെ അടിസ്ഥാന യോഗ്യതയെ ചൊല്ലി തര്‍ക്കമുണ്ടായി. പ്ലസ്‌ടുവായിരുന്നത്‌ എസ്‌ എസ്‌ എല്‍ സി യാക്കണമെന്ന അഭിപ്രായവ്യത്യാസമാണ്‌ മുറുകിയത്‌. തുടര്‍ന്ന്‌ ഫലപ്രഖ്യാപനം മുതലുള്ള നടപടികള്‍ നിലച്ചു.
സാധാരണഗതിയില്‍ എല്‍ഡിസി പരീക്ഷയെഴുതി രണ്ടുമൂന്ന്‌ മാസങ്ങള്‍ക്കകം ഫലം പ്രഖ്യാപിക്കാറുണ്ടന്നാണ്‌ മലപ്പുറം പിഎസ്‌സി ഓഫീസില്‍ നിന്നും ലഭിച്ച മറുപടി. എന്നാല്‍ തിരുവനന്തപുരത്തെ പിഎസ്‌സി ഓഫീസില്‍ നിന്ന്‌ 2014 ലെ എല്‍ഡിസി പരീക്ഷ ഫലപ്രഖ്യാപനത്തെ സംബന്ധിച്ചോ ഷോര്‍ട്ട്‌ലിസ്‌റ്റ്‌ ഇടുന്നതിനോ സംബന്ധിച്ചോ യാതൊരു നിര്‍ദേശവും ഇതുവരെ ലഭിച്ചിട്ടില്ലന്നും മലപ്പുറം ഓഫീസില്‍ നിന്ന്‌ ലഭിച്ച മറുപടിയില്‍ പറയുന്നു. എത്രയും വേഗം ഫലപ്രഖ്യാപന നടപടികള്‍ പൂര്‍ത്തിയാക്കി ഷോര്‍ട്ട്‌ ലിസ്‌റ്റ്‌ പുറത്തിറക്കണെന്നാണ്‌ ഉദ്യോഗാര്‍ഥികളുടെ ആവശ്യം.