വിഎസും പിണറായിയും മത്സരിക്കും

vs-pinarayi12തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനും പിണറായി വിജയനും നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കും. ഇരുവരും മത്സരിക്കണെമെന്ന പിബി തീരുമാനം സിപിഐഎം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗീകരിച്ചു. ചര്‍ച്ചകളില്ലാതെ ഐക്യകണ്ഠമായാണ് തീരുമാനം. വിഎസ് മലമ്പുഴയില്‍ തന്നെ മത്സരിക്കുമെന്നാണ് നിലവിലെ സൂചനകള്‍. പിണറായി ധര്‍മ്മടത്തുനിന്നാകും ജനവിധി തേടുന്നത്. ഇതോടെ വിഎസിന്റെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച അനിശ്ചിതത്വങ്ങള്‍ക്ക് വിരാമമായി.

സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍ നിന്നും 6 പേരായിരിക്കും ഇത്തവണ മത്സരിക്കുക. പിണറായി വിജയന്‍, തോമസ് ഐസക്, ഇപി ജയരാജന്‍, എംഎം മണി, ടിപി രാമകൃഷ്ണന്‍, എകെ ബാലന്‍ എന്നിവര്‍ മത്സരിക്കും. എളമരം കരീം ഇത്തവണ മത്സരിക്കില്ല.സിഐടിയു സംസ്ഥാന സെക്രട്ടറി ആയതു കൊണ്ടാണ്എളമരം മത്സരിക്കേണ്ടതില്ലെന്ന് പാര്‍ട്ടി തീരുമാനം എടുത്തത്.

രണ്ട് തവണ മത്സരിച്ചവര്‍ മാറി നില്‍ക്കണമെന്ന് പറയുന്നത് പ്രായോഗികമല്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയുണ്ടായിരുന്നു. വിജയസാധ്യതയുള്ളവര്‍ക്ക് വീണ്ടും അവസരം നല്‍കണമെന്നും സെക്രട്ടറിയേറ്റ് നിര്‍ദ്ദേശമുണ്ട്.

സെക്രട്ടേറിയേറ്റ് തീരുമാനം സംസ്ഥാനക്കമ്മിറ്റിയില്‍ അവതരിപ്പിക്കും. സംസ്ഥാനക്കമ്മിറ്റിയും തീരുമാനം അംഗീകരിച്ചാല്‍ പാര്‍ട്ടി തീരുമാനമായി വിഎസിന്റെ സ്ഥാനാര്‍ത്ഥിത്വം പുറത്തുവരും.