വിഎസിന് പിബിയുടെ പരസ്യ ശാസന

VS Achuthanandan3_13ന്യൂഡല്‍ഹി: പാര്‍ട്ടി നേതൃത്വത്തിനെതിരെ പ്രസ്താവന നടത്തിയ വി എസിന് സി പി എം പോളിറ്റ് ബ്യൂറോയുടെ പരസ്യ ശാസന. വി എസ് ഉന്നയിച്ച ആരോപണങ്ങള്‍ അടിസ്ഥാനരഹിതവും വസ്തുനിഷ്ഠാ വിരുദ്ധവുമാണെന്നും വിഎസിന്റെ പരസ്യപ്രസ്താവന പാര്‍ട്ടി നിലപാടുകള്‍ക്കു വിരുദ്ധമാണെന്നും പിബി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പല്‍ പറഞ്ഞു.

പാര്‍ട്ടിയുടെ കേന്ദ്ര, സംസ്ഥാന നേതൃത്വങ്ങള്‍ക്കെതിരെ സഖാവ് വി എസ് അച്യുതാനന്ദന്‍ ഒരു അഭിമുഖത്തിലൂടെ നടത്തിയ പരസ്യ വിമര്‍ശനങ്ങള്‍ തെറ്റും അടിസ്ഥാനമില്ലാത്തതുമാണ്. പൊളിറ്റ് ബ്യൂറോ ഈ ആരോപണങ്ങള്‍ തള്ളിക്കളയുന്നു. സഖാവ് അച്യുതാനന്ദന്റെ ഇത്തരം പരസ്യ പരാമര്‍ശങ്ങള്‍ പാര്‍ട്ടിയുടെ താല്‍പര്യങ്ങള്‍ക്കു നിരക്കുന്നതല്ല- പിബി പ്രസ്താവനയില്‍ പറയുന്നു.

സി പി എം മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിനും മുന്‍ സംസ്ഥാന സെക്രട്ടറി പിണറായി വിജയനുമെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ ഇന്നലെ (17-05-2015) രംഗത്തെത്തിയിരുന്നു. പാര്‍ട്ടിയില്‍ 2004 നു ശേഷം വന്ന നേതൃത്വത്തിന്റെ കാലത്താണ് ഇടതു മുന്നണി ശിഥിലമായതെന്നാണ് വിഎസ് പറഞ്ഞത്.