വിഎസിനെതിരായുള്ള വാദം പൊളിയുന്നു; ഭൂമി നല്‍കിയത് 77 ല്‍

തിരുവനന്തപ്പുരം: കാസര്‍ഗോഡ് ഭൂമി ദാനകേസില്‍ വിഎസ്  അച്യുതാനന്ദനെ പ്രതികൂട്ടിലാക്കാന്‍ വിജിലന്‍സ് കള്ളകേസെടുക്കുകയായിരുന്നെന്ന് തെളിയുന്നു. അച്യുതാനന്ദന്റെ ബന്ധു ടി. കെ. സോമന് 1977ല്‍ ഭൂമി അനുവദിച്ചിട്ടില്ലെന്നായിരുന്നു വിജിലന്‍സ് ഡി.വൈ.എസ്.പി കോഴിക്കോട് വിജിലന്‍സ് കോടതിയില്‍ ബോധിപ്പിച്ച എഫ്.ഐ.ആറില്‍ പറഞ്ഞിരുന്നത്. ഈ പ്രകാരമാണ് വിഎസിനെ കേസില്‍ ഒന്നാംപ്രതിയാക്കിയത്്. എന്നാല്‍ വിജിലന്‍സിന്റെ വാദം പച്ചക്കളളമാണെന്ന് തെളിയിക്കുന്ന രേഖകളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.

1977ല്‍ സോമന് കാസര്‍കോട് സ്‌പെഷ്യല്‍ തഹസീല്‍ദാര്‍ ഭൂമി അനുവദിച്ചതിന്റെ രേഖകള്‍ ഇപ്പോള്‍ മാധ്യമങ്ങള്‍ക്ക് ലഭിച്ചിരിക്കുന്നത്.
കാസര്‍ഗോഡ് സ്‌പെഷ്യല്‍ തഹസീല്‍ദാര്‍ (എ) ഓഫീസില്‍നിന്ന്്് 1977 ഏപ്രില്‍ 20ന് കണ്ണൂരിലെ മിലിട്ടറി ആശുപത്രിയിലെ കമാന്റിംഗ് ഓഫീസര്‍ക്ക് ഭൂമി അനുവദിച്ച ഉത്തരവ് അയച്ചു കൊടുത്തിട്ടുണ്ടെന്ന് ഇപ്പോള്‍ പുറത്തായ രേഖകള്‍ പറയുന്നു. 1977 ഏപ്രില്‍ 16ന് 15, 76 നമ്പറായി ഹവില്‍ദാര്‍ ടി.കെ.സോമന് ഭൂമി അനുവദിച്ചു എന്ന് ഉത്തരവില്‍ പറയുന്നുണ്ട്.

ടി.കെ സോമന് ഭൂമി നല്‍കാന്‍ വി.എസ് അച്യുതാനന്ദന്‍ സ്വജനപക്ഷപാതവും അധികാര ദുര്‍വിനിയോഗവും നടത്തിയെന്ന് ആരോപിച്ച് അദ്ദേഹത്തെ ഒന്നാം പ്രതിയാക്കി വിജിലന്‍സ് സമര്‍പ്പിച്ച എഫ്.ഐ.ആറില്‍ രണ്ടു സ്ഥലങ്ങളിലാണ് 1977ല്‍ സോമന് ഭൂമി അനുവദിച്ചിട്ടില്ലെന്ന് പറയുന്നത്. എഫ്. ഐ.ആറിലെ ഒന്നാം പേജിലും ആറാം പേജിലുമാണ് ഇത് പറഞ്ഞിരിക്കുന്നത്.