വാഴയൂരില്‍ വന്‍ വ്യാജവിദേശമദ്യവേട്ട.

കൊണ്ടോട്ടി: വാഴയൂരില്‍ വ്യാജമായി വിദേശമദ്യം നിര്‍മ്മിക്കുന്ന രണ്ടുപേരെ എക്‌സൈസ് പിടികൂടി. കോഴിക്കോട് മലപ്പുറം ജില്ലാ അതിര്‍ത്തിയായ വാഴയൂര്‍ പെരിങ്ങാവ് ഭാഗത്ത് 80 ലിറ്റര്‍ വ്യാജവിദേശമദ്യവും വ്യാജമദ്യം നിര്‍മ്മിക്കാനുപയോഗിക്കുന്ന സാധനങ്ങളുമായി ചെറുകാവ് പേങ്ങാട്ട് കല്ലുടുമ്പില്‍ സുധീഷ് (38), ചോലയില്‍ പുതിയാറ്റയില്‍ റഷീദ് (33) എന്നിവരെ ചൊവ്വാഴ്ച മലപ്പുറം അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ പി. ജയരാജന്റെ നേതൃത്വത്തില്‍ മലപ്പുറം എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി. രാധാകൃഷ്ണന്‍ അറസ്റ്റു ചെയ്തു.

 

ചൊവ്വാഴ്ച അര്‍ദ്ധരാത്രി പ്രതികള്‍ അവരുടെ മോട്ടോര്‍സൈക്കിളില്‍ കടത്തുകയായിരുന്ന 35 ലിറ്ററോളം വ്യാജമദ്യം പെരിങ്ങാവില്‍ വെച്ച് എക്‌സൈസ് സംഘം പിടികൂടുകയായിരുന്നു. പിന്നീട് പ്രതികളുടെ മൊഴിയനുസരിച്ച് കുന്നത്തുപാറയില്‍ വെച്ച് കന്നാസുകളിലായി സൂക്ഷിച്ചിരുന്ന 45 ലിറ്റര്‍ വ്യാജമദ്യവും വിദേശമദ്യം നിര്‍മ്മിക്കുന്നതിനാവശ്യമായ കാരമല്‍, എസ്സന്‍സ്, ആല്‍ക്കഹോള്‍ മീറ്റര്‍, മൊബൈല്‍ ഫോണുകള്‍ എന്നിവ കണ്ടെടുക്കുകയായിരുന്നു.
കോഴിക്കോട് മലപ്പുറം ജില്ലകളില്‍ അനധികൃതമായി ബിവറേജില്‍ നിന്നും വാങ്ങി വില്‍ക്കുന്ന വിദേശമദ്യത്തോടൊപ്പമാണ് ഈ വ്യാജമദ്യത്തിന്റെയും വില്‍പ്പന നടക്കുന്നത്. ഒരു ലിറ്റര്‍ സ്പിരിറ്റിന് രണ്ടരലിറ്റര്‍ വെള്ളം എന്ന അനുപാതത്തില്‍ സ്പിരിറ്റ് നേര്‍പ്പിച്ച് അതില്‍ നിറത്തിനായി കാരമലും എസ്സന്‍സും ചേര്‍ത്താണ് വ്യാജമദ്യം നിര്‍മ്മിക്കുന്നത്. ഇവര്‍ക്ക് സ്പിരിറ്റ് നല്‍കിയത് പാലക്കാട് സ്വദേശി അരുണ്‍ എന്നയാളാണെന്ന് പറയപ്പെടുന്നു.

 

റെയ്ഡ് നടത്തിയ സംഘത്തില്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ക്കൊപ്പം ഇന്റലിജന്‍സ് ഇന്‍സ്‌പെക്ടര്‍ ശരത് ബാബു, പ്രിവന്റീവ് ഓഫീസര്‍മാരായ ഹരിദാസന്‍, അനീഷ്‌കുമാര്‍, വി.പി ഭാസ്‌കരന്‍, എ.പി. ദീപീഷ് ഗാര്‍ഡുമാരായ സന്തോഷ്, അരവിന്ദന്‍, പ്രമോദ് ദാസ്, വി. രാധാകൃഷ്ണന്‍, സദാനന്ദന്‍, മുരളീധരന്‍, പ്രശാന്ത് എന്നിവരുമുണ്ടായിരുന്നു.