വാറന്റി കാലയളവില്‍ ബൈക്കിന് കേട്: വാഹന വില തിരിച്ച് നല്‍കാന്‍ ഉപഭോക്തൃ ഫോറം

മലപ്പുറം: വാറന്റി കാലയളവില്‍ ഇലക്ട്രിക് ബൈക്കിന് ഗുരുതരമായ കേടുപാടുകള്‍ സംഭവിച്ചതിനെതുടര്‍ന്ന് ബൈക്ക് ഉടമക്ക് നികുതി കിഴിച്ചുള്ള ബൈക്കിന്റെ വില ഡീലറും നിര്‍മാതാവും നല്‍കണമെന്ന് ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറം വിധിച്ചു.

 

തിരൂരിലെ ഡീലറില്‍നിന്നും 2009 മെയ് 17 ന് 31,500 രൂപയ്ക്കാണ് തവനൂര്‍ സ്വദേശിയായ അധ്യാപിക ഇലക്ട്രിക് ബൈക്ക് വാങ്ങിയത്. ഒരുവര്‍ഷത്തെ വാറന്റിയും ആറ് മാസത്തിനുള്ളില്‍ മൂന്ന് സൗജന്യ സര്‍വീസുമാണ് ഡീലര്‍ ഉറപ്പ് നല്‍കിയിരുന്നത്. എന്നാല്‍ ഓഗസ്റ്റ് 15 ന് വാഹനം കേടുവന്നതിനെത്തുടര്‍ന്ന് 25 ദിവസത്തിന് ശേഷം മാത്രമാണ് പ്രശ്‌നം പരിഹരിച്ച് നല്‍കിയത്. വീണ്ടും രണ്ട് മാസത്തിന് ശേഷം വാഹനം കേടുവന്നതിനെതുടര്‍ന്ന് ഷോറൂമുമായി ബന്ധപ്പെട്ടു. പുറകിലെ ചക്രത്തിലെ മോട്ടോര്‍ സെന്‍സര്‍ കേടുവന്നതാണ് പ്രശ്‌നമെന്നും രണ്ട് ദിവസത്തിനകം തിരിച്ചു നല്‍കാമെന്നും തൃശൂരില്‍നിന്നുള്ള ടെക്‌നീഷന്‍ അറിയിച്ചു. എന്നാല്‍ മോട്ടോര്‍ സെന്‍സര്‍ കേരളത്തിലെ വിപണിയില്‍ ലഭ്യമല്ലാത്തതിനാല്‍ ലുധിയാനയിലെ നിര്‍മാണ കമ്പനിയില്‍ നിന്നും ലഭിക്കുന്നത് വരെ ഉപഭോക്താവിന് വാഹനം ഉപയോഗിക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്നാണ് വാഹനത്തിന്റെ വിലയും നഷ്ടപരിഹാരമായി ഒരു ലക്ഷം രൂപയും ആവശ്യപ്പെട്ട് പരാതി നല്‍കിയത്.
തുടര്‍ന്ന് ഇരുകൂട്ടരുടേയും വാദം കേട്ടതിനെത്തുടര്‍ന്നാണ് വാഹന വിലയായ 31,500ല്‍ നിന്നും നികുതി കിഴിച്ച് 25,000 രൂപ ഉപഭോക്താവിന് നല്‍കാന്‍ ഫോറം വിധിച്ചത്. വാഹനം ഒമ്പത് മാസം ഉപയോഗിച്ചതിനാല്‍ വാഹനത്തിന്റെ യഥാര്‍ഥ വില നല്‍കാന്‍ ആവശ്യപ്പെടാനാവില്ലെന്നും നികുതി സര്‍ക്കാരിലേക്കാണ് ഒടുക്കിയതെന്നതിനാലാണ് നികുതി കിഴിച്ച് വില നല്‍കാന്‍ ഉത്തരവിട്ടതെന്നും ഫോറം വിധിച്ചു.ഒരുമാസത്തിനകം ഡീലറും നിര്‍മാതാവുമാണ് തുക നല്‍കേണ്ടത്. വാഹനം ഡീലര്‍ക്ക് തിരിച്ച് ഏല്‍പിക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ഫോറം പ്രസിഡന്റ് സി.എസ്.സുലേഖാ ബീവി, അംഗങ്ങളായ മുഹമ്മദ് മുസ്തഫ, ഇ.ആയിഷക്കുട്ടി എന്നിവരാണ് കേസ് പരിഗണിച്ചത്.