വാടക ഗര്‍ഭപാത്രം വഴി ആണ്‍കുഞ്ഞ് ;ഷാരൂഖ് ഖാന്‍ വിവാദത്തില്‍

ഷാരൂഖ് -ഗൗരി ദമ്പതികള്‍ക്ക് വാടക ഗര്‍ഭപാത്രത്തിലൂടെ ആണ്‍കുഞ്ഞ് പിറക്കാന്‍ പോകുന്നു എന്ന് പുറത്തു വന്ന വാര്‍ത്ത ഷാരൂഖിനെ നിയമക്കുരുക്കിലാക്കുന്നു. വാര്‍ത്തയെ കുറിച്ച് മഹാരാഷ്ട്രാ ആരോഗ്യ വകുപ്പ് അനേ്വഷണം തുടങ്ങി.

കഴിഞ്ഞ ദിവസം ‘മിഡ് ഡേ’ എന്ന പത്രമാണ് ഈ വാര്‍ത്ത പുറത്തു വിട്ടത്. ഗര്‍ഭ പാത്രത്തില്‍ പിറവിയെടുക്കുന്നത് ആണ്‍കുഞ്ഞാണെന്ന വാര്‍ത്ത പുറത്ത് വന്നതോടെ ഇതെ കുറിച്ചനേ്വഷിക്കണമെന്നാവശ്യപ്പെട്ട് റേഡിയോളജിസ്റ്റുകളുടെ സംഘടനയായ ഇന്ത്യന്‍ റേഡിയോളജിക്കല്‍ ഇമാജിങ്ങ് അസോസിയേഷന്‍ രംഗത്തെത്തി.ഗര്‍ഭപാത്രത്തില്‍ പിറവിയെടുക്കുന്ന കുഞ്ഞിന്റെ ലിംഗ നിര്‍ണയം നിയമവിരുദ്ധമാണെന്ന് ചൂണ്ടികാട്ടിയാണ് ഇവര്‍ രംഗത്തെത്തിയത്. ഇവര്‍ നല്‍കിയ പരാതിയിലാണ് ആരോഗ്യവകുപ്പ് കേസെടുത്തിരിക്കുന്നത്.
മിഡ് ഡേ ദിനപത്രത്തിലെ വാര്‍ത്തയനുസരിച്ച് ഷാരൂഖിന്റെ പത്‌നി ഗൗരിയുടെ ആഗ്രഹപ്രകാരമാണ് വാടക ഗര്‍ഭ പാത്രത്തിലൂടെ ഒരു കുഞ്ഞിനെ കൂടി ജന്മം നല്‍കുക എന്നത്. ഇവര്‍ക്കിപ്പോള്‍ 18 ഉം 13 ഉം വയസ്സുള്ള 2 കുട്ടികളുണ്ട്. മൂത്തയാള്‍ ആര്യനും രണ്ടാമത്തേത് മകള്‍ സുഹാനയുമാണ്.

ബോളിവുഡിലെ സൂപ്പര്‍ താരങ്ങളായ അമീര്‍ ഖാനെയും സുഹൈല്‍ ഖാന്റെയും കുടുംബത്തിലും വാടക ഗര്‍ഭപാത്രത്തിലൂടെ കുഞ്ഞിന് പിറവി നല്‍കിയിട്ടുണ്ട്. ഇതിലും ലിംഗ നിര്‍ണയം നടന്നിട്ടുണ്ടോ എന്ന് അനേ്വഷണം നടന്നേക്കും.