വസ്‌തുക്കച്ചവടത്തിലും ഓഹരി വിപണിയിലും കൂടുതല്‍ പണം നിക്ഷേപിക്കരുത്‌; ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക്‌

ദോഹ: വസ്തുക്കച്ചവടത്തിലും ഓഹരി വിപണിയിലും കൂടുതലായി പണം നിക്ഷേപിക്കരുതെന്ന് ബാങ്കുകള്‍ക്ക് ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് നിര്‍ദേശം നല്കി.

നിക്ഷേപകരുടെ താത്പര്യം സംരക്ഷിക്കുന്നതിനാണ് ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് ഇത്തരം നിര്‍ദേശം നല്‍കിയിരിക്കുന്നതെന്ന് പ്രാദേശിക അറബ് പത്രം അല്‍ ശര്‍ഖ് റിപ്പോര്‍ട്ട് ചെയ്തു.

രാജ്യത്തിന്റെ സാമ്പത്തിക ഭദ്രത ഉറപ്പാക്കാനും നാണയപ്പെരുപ്പം മൂലം ഉണ്ടായേക്കാവുന്ന സമ്മര്‍ദം ചെറുക്കാനുമാണ് ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് പുതിയ നിര്‍ദേശത്തിലൂടെ ലക്ഷ്യമിടുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

നിലവിലുള്ള സാമ്പത്തിക വളര്‍ച്ചയില്‍ വസ്തുക്കച്ചവടവും ഓഹരി വിപണിയും ഊഹക്കച്ചവടത്തിന്റെ സാധ്യതകളാണ് ചൂഷണം ചെയ്യുന്നത്.

എന്നാല്‍, ബാങ്കുകള്‍ അതില്‍ അധികം ഇടപെടരുത്.

പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും മുന്‍കൂട്ടി കണ്ട് തടയാനുമുള്ള നടപടി സ്വീകരിക്കുന്നതിനും പടരാതിരിക്കുന്നതിനും മുന്‍കരുതല്‍ നടപടി സ്വീകരിക്കാനും നിര്‍ദേശമുണ്ട്. അതിന്റെ ഭാഗമായാണ് പുതിയ നിര്‍ദേശങ്ങള്‍.