വള്ളിക്കുന്നില്‍ ആയുധങ്ങളുമായി ആര്‍എസ്എസ് പ്രവര്‍ത്തകന്‍ പിടിയില്‍

4 പേര്‍ ഓടിരക്ഷപ്പെട്ടു.

വള്ളിക്കുന്ന്: അത്താണിക്കല്‍ മുണ്ടിയന്‍കാവ് പറമ്പ് എന്ന സ്ഥലത്ത് വെച്ച് ആയുധങ്ങളുമായി കാറില്‍ സഞ്ചരിക്കുകയായിരുന്ന ആര്‍എസ്എസ് പ്രവര്‍ത്തകരില്‍ ഒരാളെ പോലീസ് പിടികൂടി. ഒലിപ്രം സ്വദേശി പച്ചാട്ട് മേലെയില്‍ ശ്രീനിവാസന്റെ മകന്‍ ശ്രീജേഷാ(22)ണ് പിടിയിലായത്. കാറിലുണ്ടായിരുന്ന മറ്റുള്ളവര്‍ പോലീസിനെ ആക്രമിച്ച് ഓടിരക്ഷപ്പെട്ടു.

ഇന്ന് പുലര്‍ച്ചെ രണ്ടുമണിയോടുകൂടിയാണ് സംഭവം. നൈറ്റ് പട്രോളിങിനിറങ്ങിയ പരപ്പനങ്ങാടി എസ്‌ഐ മോഹനനും സംഘവുമാണ് പ്രതിയെ പിടികൂടിയത്. ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനത്തില്‍ നിന്ന് ഒരു കഠാര, ചുറ്റിക, കരിങ്കല്ല് നിറച്ച ചാക്ക് എന്നിവ കണ്ടെടുത്തിട്ടുണ്ട്. മറ്റുപാര്‍ട്ടികളുടെ സ്തൂഭങ്ങളും കൊടിമരങ്ങളും തകര്‍ത്ത് വരവെയാണ് ഇവര്‍ പോലീസ് പിടിയിലായത്. മുണ്ടിയങ്കാവിലെയും മാഹിപ്പടിയിലെയും സ്തൂഭങ്ങളാണ് ഇവര്‍ തകര്‍ത്തത്. ഇന്നലെ ബോര്‍ഡ് വെച്ചതുമായി ഇവിടെ തര്‍ക്കമുണ്ടായിരുന്നു. ബിജെപിയുടെ ബോര്‍ഡ് നശിപ്പിക്കുകയും ചെയ്തിരുന്നു.

ഓടി രക്ഷപ്പെട്ടവരുടെ കയ്യില്‍ വാളടക്കമുള്ള ആയൂധങ്ങള്‍ ഉണ്ടായിരുന്നതായി സൂചനയുണ്ട്.

കാറില്‍ നിന്നും ഓടി രക്ഷപ്പെട്ടവര്‍ക്കെതിരെ കേസെടുക്കേണ്ടെന്നാണ് പോലീസ് ഭാഷ്യം.

അതെ സമയം പിടിയിലായ പ്രതിക്കെതിരെ ആയുധം കൈവശം വെച്ചതിനു മാത്രമേ കേസെടുക്കു എന്നാണ് പോലീസില്‍ നിന്നും ലഭിക്കുന്ന സൂചന. ഇവര്‍ സഞ്ചരിച്ചിരുന്ന കെഎല്‍ 07 ബിഎഫ്1689 മാരുതി കാറും പ്രതിയും പോലീസ് കസ്റ്റഡിയിലാണ്.

സ്ഥലത്തിപ്പോഴും സംഘര്‍ഷം നിലനില്‍ക്കുകയാണ്.