വളം വാങ്ങാനെത്തിയ കര്‍ഷകര്‍ വെറുംകൈയോടെ മടങ്ങി: ഒഴൂര്‍ കൃഷിഭവനില്‍ പ്രതിഷേധം

താനൂര്‍: ഒഴൂര്‍ കൃഷിഭവനില്‍ വളംവാങ്ങാനെത്തിയ കര്‍ഷകര്‍ വെറുംകൈയോടെ മടങ്ങിയത് പ്രതിഷേധത്തില്‍ കലാശിച്ചു.

ഒഴൂര്‍ കൃഷിഭവന്‍ ജനപ്രതിനിധികളും കര്‍ഷകരും ഉപരോധിക്കുന്നു

ഒന്ന്, രണ്ട്, മൂന്ന്, നാല്, അഞ്ച്, പതിനെട്ട് വാര്‍ഡുകളിലെ വെറ്റില കര്‍ഷകരാണ് ഇന്നലെ രാവിലെ വളം കൈപ്പറ്റുന്നതിനായി ഓഫീസിലെത്തിയത്. ഭരണ സമിതി തീരുമാനത്തെ തുടര്‍ന്ന് പഞ്ചായത്തംഗങ്ങള്‍ നേരിട്ട് വാര്‍ഡുകളിലെ വീടുകളിലെത്തി അറിയിപ്പ് നല്‍കുകയായിരുന്നു. എന്നാല്‍ കര്‍ഷകര്‍ കൃഷിഭവനിലെത്തിലെത്തിയപ്പോള്‍ ജീവനക്കാരുണ്ടായിരുന്നില്ല.

ഉച്ചക്ക് 2 മണിയോടെ പഞ്ചായത്ത് പ്രതിപക്ഷാംഗങ്ങളും ബ്ലോക്ക് പഞ്ചായത്തംഗങ്ങളും കൃഷിഭവന്‍ ഓഫീസ് ഉപരോധിച്ചു. തുടര്‍ന്ന് കൃഷി ഭവന്‍ ഓഫീസര്‍ ഇവരുമായി നടത്തിയ ചര്‍ച്ചയില്‍ തെയ്യാല, താനാളൂര്‍ കേന്ദ്രങ്ങളില്‍ വിതരണം നടത്തുമെന്ന് അറിയിച്ചു.

ഉപരോധ സമരത്തിന് ചുള്ളിയത്ത് ബാലകൃഷ്ണന്‍, അഷ്‌ക്കര്‍ കോറാട്, അപ്പാട മുഹമ്മദ് കുട്ടി, ആലിങ്ങല്‍ മുഹമ്മദ് കുട്ടി, വി ബിജു, മുക്കാട്ടില്‍ അലവി, എം റഹീന, യു സലീന നേതൃത്വം നല്‍കി.