വര്‍ഗീയ ശക്തികളോട് വിട്ടുവീഴ്ചയില്ല; പിണറായി

തിരു: ബിജെപി-ആര്‍എസ്എസ് വര്‍ഗീയതയോടും അവരുടെ വര്‍ഗനയത്തോടുമുള്ള സിപിഐ എം നിലപാടില്‍ ഒരുവിട്ടുവീഴ്ചയുമില്ലെന്ന് പാര്‍ടി സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ .

സിപിഐ എമ്മിനോട് അയിത്തമില്ലെന്നു പറയുകയും ഒപ്പം കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് ആയുസ്സില്ലെന്ന് കൂട്ടിച്ചേര്‍ക്കുകയും ചെയ്ത ബി ജെ പി ദേശീയനേതാവ് എല്‍ കെ അദ്വാനി തന്റെ കമ്യൂണിസ്റ്റ് വിരുദ്ധത ആവര്‍ത്തിച്ചിരിക്കയാണ്. ബിജെപിയോട് ആശയക്കുഴപ്പമില്ലാത്ത, സുനിശ്ചിതമായ സമീപനമാണ് പാര്‍ടിക്കുള്ളതെന്ന് പിണറായി പറഞ്ഞു.

ബിജെപി, ആര്‍എസ്എസ് എന്നീ പേരുകളോടല്ല, അവയുടെ നയങ്ങളോടാണ് കമ്യൂണിസ്റ്റുകാര്‍ക്ക് എതിര്‍പ്പ്. മഹാത്മാഗാന്ധിയെ കൊലപ്പെടുത്തിയ നാഥുറാം ഗോഡ്സെയുടെ ആര്‍എസ്എസിനാല്‍ നയിക്കപ്പെടുന്ന ബിജെപിയുടെ പിന്തുണ തെരഞ്ഞെടുപ്പ് ഘട്ടത്തിലടക്കം സ്വീകരിച്ച കക്ഷിയാണ് കോണ്‍ഗ്രസ്. പിന്തുണയ്ക്കുവേണ്ടി കോണ്‍ഗ്രസ് നേതൃത്വവും പിന്തുണ നല്‍കാന്‍ ബിജെപി-ആര്‍എസ്എസ് നേതൃത്വവും തയ്യാറായ ചരിത്രം വിസ്മരിക്കാനാവില്ല. ശ്രീരാമന്റെ പേരില്‍ വര്‍ഗീയകലാപം അഴിച്ചുവിട്ട് ആയിരങ്ങളുടെ ചോരയൊഴുകാന്‍ കാരണമായ രഥയാത്ര നയിച്ചതില്‍ 80 വയസ്സായപ്പോഴെങ്കിലും അദ്വാനിക്ക് കുറ്റബോധമോ പശ്ചാത്താപമോ ഉണ്ടോയെന്ന് പിണറായി ചോദിച്ചു. ബിജെപി നേതാക്കള്‍ ആര്‍എസ്എസിന്റെ ഭ്രാന്തന്‍ വര്‍ഗീയനയം മുറുകെപ്പിടിച്ചില്ലെങ്കില്‍ ആര്‍എസ്എസ് “സംസ്കാര”ത്തിന്റെ ഇരയായി മാറുമെന്ന് അദ്വാനിയുടെ അവസ്ഥ ബോധ്യപ്പെടുത്തുന്നു.

മുംബൈയില്‍ ശക്തമായിരുന്ന ഇടതുപക്ഷ ട്രേഡ്യൂണിയനുകളെ ഇല്ലായ്മചെയ്യാന്‍ ശിവസേന നടത്തിയ കളി കണ്ണൂരിലടക്കം നടത്താനാണ് ദശകങ്ങള്‍ക്ക് മുമ്പ് ആര്‍എസ്എസ് പരിശ്രമിച്ചത്. മുസ്ലിം വിഭാഗങ്ങള്‍ക്ക് എതിരായ ആക്രമണവും തലശ്ശേരി വര്‍ഗീയകലാപവുമെല്ലാം ആ അജന്‍ഡയുടെ ഭാഗമായിരുന്നു. എന്നാല്‍, വര്‍ഗീയകലാപം തടയാന്‍ കമ്യൂണിസ്റ്റുകാര്‍ ജീവന്‍ നല്‍കി പൊരുതി. ഈ നയസമീപനത്തില്‍ ഒരു വിട്ടുവീഴ്ചയും കാട്ടില്ലെന്ന് പിണറായി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.