വണ്ടൂര്‍ ബ്ലോക്കില്‍ രണ്ടാംഘട്ട കാര്‍ഷിക പരിശീലനം തുടങ്ങി

paddyവണ്ടൂര്‍ ബ്ലോക്കിന്‌ കീഴില്‍ മഹിളാ കിസാന്‍ സശാക്തികരണ്‍ പരിയോജനയുടെ (എം.കെ.എസ്‌.പി.) ഭാഗമായി നെല്‍കൃഷി പുനരുദ്ധാരണം ലക്ഷ്യമാക്കി രൂപവത്‌ക്കരിച്ച ‘മഹാത്മ’ ലേബര്‍ ബാങ്കിന്റെ രണ്ടാംഘട്ട കാര്‍ഷിക പരിശീലനം വണ്ടൂര്‍ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീദേവി പ്രാക്കുന്ന്‌ ഉദ്‌ഘാടനം ചെയ്‌തു. വണ്ടൂര്‍ അമ്പലപ്പടി മോഹനന്‍ നമ്പൂതിരിപ്പാടിന്റെ പാടത്താണ്‌ യന്ത്രവത്‌കൃത കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ക്കും സംയോജിത കൃഷി രീതികള്‍ക്കും ഊന്നല്‍ നല്‍കുന്ന പരിശീലനം നല്‍കുന്നത്‌. പായ്‌ഞാറ്റടി തയ്യാറാക്കുന്നത്‌ മുതല്‍ യന്ത്രമുപയോഗിച്ചുള്ള നടീല്‍ വരെയുള്ള പരിശീലനമാണ്‌ വടക്കാഞ്ചേരി ഗ്രീന്‍ ആര്‍മിയുടെ നേതൃത്വത്തില്‍ നല്‍കുന്നത്‌. 14 ദിവസത്തെ പരിശീലനത്തില്‍ 32 പേരാണ്‌ പങ്കെടുക്കുന്നത്‌.
ബ്ലോക്ക്‌്‌ പഞ്ചായത്ത്‌ സ്ഥിരം സമിതി അധ്യക്ഷന്‍മാരായ അബ്ബാസലി, ഖൈറുന്നിസ, ചിങ്ങംപറ്റ ലളിത, പഞ്ചായത്ത്‌ അംഗം നാടിക്കുട്ടി, ബി.ഡി.ഒ. ജെ. ജയപ്രകാശ്‌, ജോയിന്റ്‌ ബി.ഡി.ഒ. വിജയകുമാര്‍, വി.എം.അംബിക, സുജാത, വില്ലേജ്‌ എക്‌സ്റ്റന്‍ഷന്‍ ഓഫീസര്‍മാര്‍, അജീഷ്‌, ലേബര്‍ ബാങ്ക്‌ അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു. നടീല്‍, കളപറിക്കല്‍, കൊയ്‌ത്ത്‌ തുടങ്ങിയവയില്‍ സാങ്കേതിക പരിശീലനം ലഭിച്ച ലേബര്‍ ബാങ്ക്‌ തൊഴിലാളികളുടെ സേവനം കര്‍ഷകര്‍ക്ക്‌ ഉപയോഗപ്പെടുത്താം. കര്‍ഷകര്‍ വില്ലേജ്‌ എക്‌സ്റ്റന്‍ഷന്‍ ഓഫീസര്‍മാരെയോ 9656793493 നമ്പറിലോ ബന്ധപ്പെടണം.