Section

malabari-logo-mobile

വംശചിഹ്നങ്ങള്‍-ചിന്തയുടെ മാനിഫെസ്റ്റോ.

HIGHLIGHTS : എഴുതുന്നതെന്തും ക്ഷോഭജനകമായ വിമര്‍ശനമാവുന്നത് സി ആര്‍ പരമേശ്വരന്റെ നിയോഗമല്ല വലുപ്പമാണ്

വംശചിഹ്നങ്ങള്‍-ചിന്തയുടെ മാനിഫെസ്റ്റോ.

എഴുതുന്നതെന്തും ക്ഷോഭജനകമായ വിമര്‍ശനമാവുന്നത് സി ആര്‍ പരമേശ്വരന്റെ നിയോഗമല്ല വലുപ്പമാണ്. രാഷ്ട്രീയം സംസ്‌ക്കാരം കലാ സാഹിത്യം സാമുഹികത ഇവയൊക്കെ അദേഹത്തിന് വ്യത്യസ്ത പാഠങ്ങളല്ല ഒരേ പാഠത്തിന്റെ വിഭിന്ന അദ്ധ്യായങ്ങല്‍ മാത്രം. അതുകൊണ്ടായിരിക്കാം അദ്ധ്യായങ്ങളെ തിരുത്തുന്നതിനു പകരം അദേഹം പാഠത്തെ തന്നെ പുനഃപരിശോധനയ്ക്ക് വിധേയനാക്കുന്നത്. എഴുത്തുകാരന്റെ സര്‍ഗാത്മക വൈഭവത്തെ വെറുതെവിട്ടുകൊണ്ട് സി ആര്‍ പി അവന്റെ ജീവിതബോധത്തെയാണ് കടന്നാക്രമിക്കുക.

sameeksha-malabarinews

സിദ്ധാന്തപരമായി ധാര്‍ഷ്ട്യവും തത്വചിന്തയുടെ മികവും വിമര്‍ശകന്റെ സാഹിത്യമെഴുത്താണെന്ന് പരമേശ്വരന്‍ തിരിച്ചറിയുന്നുണ്ടെന്ന് അദേഹത്തിന്റെ കണിശമായ രാഷ്ട്രീയ ബോധത്തിന്റെ തീര്‍ച്ചയും മൂര്‍ച്ചയും സാക്ഷ്യം പറയുന്നുണ്ട്, ഇങ്ങനെ മലയാളത്തിലെ മറ്റുവിമര്‍ശകരില്‍ നിന്നും പരമേശ്വരന്‍ വിത്യസ്തനാകുന്നു. അദേഹത്തിന്റെ മാനവിക ദാര്‍ശനിക വിചിന്തനങ്ങളുടെ അടിയൊഴുക്കായി വര്‍ത്തിക്കുന്നത് വിട്ടുവീഴ്ച്ചയ്ക്കില്ലാത്ത മൂല്യബോധങ്ങളെ കുറിച്ചുള്ള ശക്തമായ തീര്‍പ്പുകളാണെന്നും കാണാം. എഴുത്തകാരന്റെ പ്രമേയം ഭാഷ ചിന്ത ഇവയോടെല്ലാമുള്ള പ്രതികരണങ്ങളില്‍ ശ്രദ്ധിക്കുമ്പോഴും മൂല്യമണ്ഡലത്തിന്റെ പ്രഭവകേന്ദ്രം മാനവികമായിരിക്കണം അല്ലാതെയുള്ള സൗന്ദര്യ ശാസ്ത്രവിശകലനങ്ങളിലേക്ക് പരമേശ്വരന്റെ പേനയ്ക്ക് ചലിക്കാനാവുന്നില്ല.

അതുപോലെ തന്നെ അദേഹം എഴുതുമ്പോഴും ഭാഷ ലാവണ്യവല്‍ക്കരിക്കപ്പെടാതിരിക്കാന്‍ ശ്രദ്ധിക്കുന്നു. വിപ്ലവാത്മകമായ ചൂടും ചൂരും കൊണ്ട് വായനക്കാരന്റെ ശ്രദ്ധയെ നേര്‍വഴികാണിക്കുന്നു. മലയാളത്തിന്റെ ആധുനിക വിമര്‍ശകരിലെ പ്രഥമ ഗണനീയരില്‍ ഒരാളായിരുന്ന കെ പി അപ്പന്‍ പോലും ഭാഷയിലെ വിസ്മയങ്ങള്‍ കൊണ്ട് കാഴ്ചപാടുകളിലെ ആഴത്തെ ദര്‍ശിക്കാനും ആഴക്കുറവിനെ മറയ്ക്കാനും ശ്രമിച്ചിരുന്നതും പരമേശ്വരന്‍ പാഠമായി ഉള്‍ക്കൊള്ളാന്‍ ശ്രമിച്ചിട്ടില്ല.

1990 മുതല്‍ 2008 വരെ സി ആര്‍ പരമേശ്വരനെഴുതിയ അഭിമുഖവും പ്രഭാഷണവും ഉള്‍പ്പെടെ 12 തിരഞ്ഞെടുത്ത ലേഖനങ്ങലുടെ സമാഹാരമായ വംശചിഹ്നങ്ങളെ വിത്യസ്തമാക്കുന്നത് അതിലെ ക്രമബദ്ധവും മാനവികവുമായ നിലപാടുകളിലെ അടിപതറാത്ത സമഗ്രതയാക്കുന്നു. ഒരുപക്ഷേ പരമേശ്വരനെ തുടര്‍ന്നെഴുതുന്നതിന് വിമുഖതനാക്കിയിരിക്കുക പറഞ്ഞതില്‍ പതിരില്ലെന്ന ഉത്തമവിശ്വാസമുള്ളതുകൊണ്ടുകൂടിയാവണം.

രാഷ്ട്രീയത്തിലെ വടവൃക്ഷങ്ങളെയും സാഹിത്യത്തിലെ കുലപതികളെയും പരമേശ്വരന്‍ തന്റെ മുന്‍ഗണനാ പരിഗണയില്‍ നിന്നും മാറ്റിനിര്‍ത്തുന്നത് അവര്‍ തന്റെ മൂല്യമണ്ഡലത്തിനു പുറത്താണന്നു കണ്ടതുകൊണ്ടാണ്. പണ്ഡിത ശ്രേഷ്ഠരെന്നും കണക്കാകി ബഹുമാനിക്കുന്നവരുടെ ആശയപരിസരങ്ങളിലേക്ക് സ്വന്തം വിശ്വാസ നിശ്ചയങ്ങളെ ക്രമപ്പെടുത്തി ശിഷ്യത്വം വരിക്കുന്ന പതിവുരീതി തെറ്റിക്കുന്നതിലും അദേഹത്തിനു വൈക്ലഭ്യം നിശേഷം ഇല്ലെന്നു തന്നെ പറയാം.

ഇടതുപക്ഷവും ഇടതുപക്ഷത്തിന്റെ (തീവ്ര/നവ)ഇടതുപക്ഷവും കേരളത്തിന്റെ രാഷ്ട്രീയ സാംസ്‌ക്കാരിക രംഗം അടക്കി ഭരിച്ചിരുന്ന അറുപതു എഴുപതുകളെ പക്ഷാഭേദ രഹിതമായി സമീപിക്കുന്ന അപൂര്‍വ സ്വതന്ത്ര്യ ബുദ്ധി ജീവികളില്‍ ഒരാളായും പരമേശ്വരനെ വിശേഷിപ്പിക്കാം. കാരണം എം ഗോവിന്ദനെ പോലെയുള്ള വംശ ചിഹ്നങ്ങള്‍ക്കുള്ള കേരളീയ സാംസ്‌ക്കാരിക സമൂഹത്തിന്റെ നിരുപാധിക സ്‌നേഹവായ്പ്പു പോലും എം ഗോവിന്ദനെ വിമര്‍ശിക്കുന്നതില്‍ നിന്നും അദേഹത്തെ തടയുന്നില്ല. മാത്രമല്ല, വിശ്വാസവും സാഹിത്യവും എന്ന സിമ്പോസിയത്തില്‍ കേരളം കാത്തിരിക്കുന്ന എഴുത്തുക്കാരനെ കുറിച്ചുള്ള രേഖാചിത്രവും അദേഹം നല്‍കുന്നുണ്ട്. കേരളമെന്ന വന്‍ തീരദേശപട്ടണത്തിലെ പുതുജീവിതത്തിന്റെ ആത്മാവറിയുന്ന ഒരു എഴുത്തുകാരനെ. അവന്‍ മൗലികവും അനന്യവുമായ ഉള്‍ക്കാഴ്ചയെ, മുന്‍ഗാമികളായ എഴുത്തുകാരെ ത്രസിപ്പിച്ച ശാശ്വതമൂല്യങ്ങളെയുമായി കണ്ണിചേര്‍ത്ത് ജീവിത പാരാവാരത്തിലൂടെ സഞ്ചരിച്ച ടോള്‍സ്‌റ്റേയിയെ ഓര്‍മ്മപ്പെടുത്തും!

പരമേശ്വരന്റെ നിലപാടുകളുടെയും കാഴ്ചപ്പാടുകളുടെയും ആകെ തുകയുടെ ഒരു പരിഛേദമായി താഹാമാടയിയുടെ അഭിമുഖം ‘ശുഭാപ്തി വിശ്വാസം എന്ന ആത്മ വഞ്ചന’ വേറിട്ടൊരനുഭവം തന്നെ. രാഷ്ട്രീയം, സാഹിത്യം വിമര്‍ശനം/നിരൂപണം, സ്ത്രീ ശാക്തീകരണം, ദളിത് രാഷ്ട്രീയം, പരിസ്ഥിതി തുടങ്ങി എല്ലാ മാനവിക വിഷയങ്ങളിലും അവരോധിക്കപ്പെട്ടിരിക്കുന്ന ആള്‍ദൈവങ്ങളുടെ ആധികാരികതയെ അസ്ഥിരപ്പെടുത്തിയും അതോടൊപ്പം കൊള്ളേണ്ടവയെ മാത്രം ഉള്‍കൊണ്ടും തന്റെ മൂല്യബോധത്തെ കൃത്യമായി അടയാളപ്പെടുത്താന്‍ അദേഹത്തിനു കഴിഞ്ഞിട്ടുണ്ട്.

കവിതാ നിരൂപണമാണ് പരമേശ്വരന്റെ വൈഭവത്തെ ദൃഷ്ടാന്തപ്പെടുത്തുന്ന യഥാര്‍ത്ഥ കളരി എന്നു തോന്നുന്നു. അഗാധവും വ്യാപകവുമായ ഒരന്വേഷണ തൃഷ്ണ അദേഹത്തില്‍ ജ്വലിച്ച് കാണുക കവിതകളെ കുറിച്ച് പറയുമ്പോഴാണ്. ഗോവിന്ദന്റെ ചില കവിതകളില്‍ അദേഹം ആരോപിച്ചിട്ടുള്ള കൃത്രിമത്വവും സാധൂകരിക്കപ്പെടുക, വൈലോപിള്ളി ഇടശ്ശേരി മുതല്‍ കടമനിട്ട, ചുള്ളിക്കാടു വരെയുള്ളവരെ കൃത്യമായി പഠിച്ചു പറയുന്ന വൈദഗ്ദ്യം കാണുമ്പോഴാണ്. ആശയവാദികളുടെ പരിമിതി വീഷണം എക്കാലത്തെയും ചരിത്രപരമായ അനിവാര്യതയായി കവിതകളില്‍ എഴുതപ്പെടുന്നവരെ ഒരു രേഖയില്‍ അദേഹം നിര്‍ത്തുന്നത് കാണുക കൗകുകകരമാണ്. വൈലോപിള്ളി ഇടശ്ശേരിയില്‍ നിന്നും തുടങ്ങി സുഗതകുമാരിയിലേക്കും വിഷ്ണു നാരായണന്‍ നമ്പൂതിരിയിലേക്കും രേഖ നീളുന്നതുകാണുമ്പോള്‍ സാഹിത്യ വിദ്യാര്‍ത്ഥികള്‍ക്ക് മലയാള കവിതാ പ്രസ്ഥാനത്തിന്റെ നാള്‍വഴി മനസിലാക്കാവുന്നതാണ്.

കേരള രാഷ്ട്രീയത്തെ പ്രക്ഷുബ്ധമാക്കുന്നതിന് എന്തു സംഭാവനയാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ രാഷ്ട്രീയ പ്രബുദ്ധതയ്ക്ക് കഴിഞ്ഞതെന്ന പരമേശ്വരന്റെ നിശിതവും വിശകലനാത്മകവുമായ വിമര്‍ശനം കനത്തൊരു ചാട്ടുളി പ്രയോഗമായി അവശേഷിക്കുന്നു. പാര്‍ട്ടി സമ്പന്നമാവുകയും തൊഴിലാളി വര്‍ഗം മദ്യപാനരോഗികളാവുകയും–സോഷ്യലിസത്തിന്റെ ഭാവി വാഗ്ദാനങ്ങളാവേണ്ടുന്ന യുവതലമുറ മന്ദബുദ്ധികളായ സിന്ദൂരപൊട്ടുകാരായി മാറുകയും ചെയ്യുന്നതായി പരമേശ്വരന്‍ ആശങ്കപ്പെടുന്നു.

പരമേശ്വരനെ സംബന്ധിച്ചിടത്തോളം കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ വിമര്‍ശിക്കുക എന്നാല്‍ ഇഎംഎസ്സിനെ വിമര്‍ശിക്കുക എന്നാണ്. ഇഎംഎസ്സ് അയഥാര്‍ത്ഥമായൊരു നിര്‍മ്മിതി ആണെന്നു കൂടി അദേഹം വിശ്വസിക്കുന്നു. എഴുത്തുകാരും മാധ്യമങ്ങളും ബുദ്ധിജീവികളും തുടങ്ങി സാധാരണക്കാരുടെ വരെ ശ്രമകരമായ പ്രയത്‌നം!

ഇ എം എസ്സിനെ കുറഞ്ഞ വാക്കുകളില്‍ പരമേശ്വരന്‍ വിശദീകരിക്കുന്നത് നോക്കുക-

‘ഇന്ത്യയിലെ കമ്മ്യൂണിസ്റ്റുകാര്‍ കഴിഞ്ഞ 50 വര്‍ഷമായി വിപ്ലവത്തെ ഇപ്പോള്‍ പ്രസവിക്കും എന്നു പറയുക വഴി ഒരു പ്രഛന്നഗര്‍ഭത്തെ വിളംബരം ചെയ്യുകയായിരുന്നു. ദശകങ്ങളായി ഈ ഗര്‍ഭരക്ഷയുടെ ഉത്തരവാദിത്വം ഏറ്റെടുത്തിരിക്കുന്ന കാരണവരാണ് ഇഎംഎസ്സ്. അഴിമതികാര്‍ക്കും അധ്വാനം മറന്ന അലസര്‍ക്കും പിടിച്ചു പറിക്കുന്നവര്‍ക്കും അഴിമതികാരനല്ലാത്ത, ദിവസം 18 മണിക്കൂര്‍ അധ്വാനിക്കുന്ന നിസംഗനായ ഇ എം എസ്സ് ആവശ്യമായ താത്ത്വിക ബലവും സാധൂകരണവും നല്‍കി. ഇതിനു പകരമായി അദേഹത്തിനു ലഭിച്ചതാണ് സര്‍വാധികാരവും സര്‍വ്വജ്ഞ പദവിയും’.

ആധുനിക കാലത്തെ എഴുത്തുകാരന്റെ ഉത്തരവാദിത്വത്തെയും പരിമിതികളെയും കുറിച്ച് വ്യക്തമായ നിലപാടുകള്‍ സ്വരൂപിക്കപ്പെട്ട പുസ്തകം എന്ന നിലയില്‍ ചിന്ത്ക്കുന്നവര്‍ക്കുള്ള മാനിഫെസ്റ്റോയായി വംശചിഹ്നങ്ങള്‍ വിലയിരുത്തപ്പെടുമെങ്കില്‍ അതില്‍ അത്ഭുതപ്പെടേണ്ടതില്ല. രാഷ്ട്രീയത്തെയും സമൂഹത്തെയും കുറിച്ച് ശുഭാപ്തി വിശ്വാസമുള്ള ഒരാളോളം ആത്മവഞ്ചകന്‍ ഇന്നുണ്ടാവാന്‍ ഇടയില്ല എന്നദേഹം ആത്മരോക്ഷം കൊള്ളുന്നുണ്ടെങ്കിലും മൂല്യങ്ങളുടെ ജനിതക സമ്പത്ത് അപൂര്‍വ്വാവസരങ്ങളിലേക്ക് സുരക്ഷിതമായി നീക്കിവെച്ചിട്ടുണ്ടെന്നു തന്നെയാണ് അദേഹത്തിന്റെ ശുഭാപ്തി വിശ്വാസമെന്ന് നമ്മള്‍ മനസിലാക്കേണ്ടതുണ്ട്.

ഏതൊരു നവസിദ്ധാന്തകനും പ്രക്ഷോഭകാരിയും ബുദ്ധിജീവിയും എന്നപോലെ പരമേശ്വരന്റെ തികട്ടലുകളിലും ചില കുമ്പസാരങ്ങളുണ്ടെന്നത് കാണാതിരുന്നു കൂടാ. നവോഥാന സംസ്‌ക്കാരത്തിന്റെ ഏറ്റവും ഉജ്ജ്വലവും ഒടുവിലത്തേതുമായ അദ്ധ്യായമാണ് കമ്മ്യൂണിസമെന്ന് അദേഹവും സ്മരിക്കുന്നു. നവോഥാന സംസ്‌ക്കാരത്തിന് ബദല്‍ നിര്‍ദേശങ്ങളല്ല, ഇടതുപക്ഷ അവസരവാദവും കാപട്യവും നെറികേടും തീര്‍ത്ത കലുക്ഷമായ സാംസ്‌ക്കാരികാന്തരീക്ഷത്തില്‍ നിന്നും യഥാര്‍ത്ഥ ഇടതുപക്ഷത്തെ തിരിച്ചു പിടിക്കാനുള്ള ആഹ്വാനമാണ് പ്രധാനമായും പരമേശ്വരന്‍ ഈ പുസ്തകത്തിലൂടെ പറഞ്ഞുവെക്കുന്നത്.

സി. കേശവനുണ്ണി.

പരപ്പനങ്ങാടി. Mob no :9633381478

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!