ലോക വനിതാദിനത്തില്‍ മുസ്ലീം വനിതാപഞ്ചായത്ത് അധ്യക്ഷമാരുടെ ശിരോവസ്ത്രം അഴിപ്പിച്ചു

കല്‍പ്പറ്റ:ലോക വനിതാദിനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി പങ്കെടുത്ത ദേശീയസമ്മേളനത്തില്‍ കേരളത്തില്‍ നിന്ന് പങ്കെടുത്ത മൂന്ന് വനിത പഞ്ചായത്ത് അധ്യക്ഷമാരുടെ ശിരോവസ്ത്രം അഴിപ്പിച്ചു. സ്ത്രീശാക്തീകരണത്തിനായി ഗുജറാത്തിലെ ഗാന്ധിനഗറില്‍ കേന്ദ്ര സര്‍ക്കാര്‍ സംഘടിപ്പിച്ച രാജ്യത്തെ വനിതാപഞ്ചായത്ത് അധ്യക്ഷമാരുടെ ‘സ്വച്ഛ് ശക്തി- 2017’ സമ്മേളനത്തിലാണ് മുസ്ളിംജനപ്രതിനിധികളെ അവഹേളിച്ചത്.

വയനാട് ജില്ലയിലെ മൂപ്പൈനാട് പഞ്ചായത്ത് പ്രസിഡന്റ് ഷഹര്‍ബാന്‍ സെയ്തലവി, കാസര്‍കോട് ജില്ലയിലെ ചെങ്കള പഞ്ചായത്ത് പ്രസിഡന്റ് ഷാഹിന സലിം, തൃക്കരിപ്പൂര്‍ പഞ്ചായത്ത് പ്രസിഡന്റ് വി പി ഫൌസിയ എന്നിവര്‍ക്കാണ് തിക്താനുഭവം. ആറായിരം വനിതാ ജനപ്രതിനിധികള്‍ പങ്കെടുത്ത രണ്ടു ദിവസത്തെ പരിപാടിയില്‍ കേരളത്തില്‍നിന്ന് 110 പേരുണ്ടായിരുന്നു. കോഴിക്കോട് കായക്കൊടി പഞ്ചായത്ത് പ്രസിഡന്റ് അശ്വതി ഫെയ്സ് ബുക്കില്‍ വിവരിച്ചതോടെയാണ് സംഭവം വിവാദമായത്.

സമ്മേളനത്തിന്റെ രണ്ടാംദിവസമായ ബുധനാഴ്ച രാവിലെ സമ്മേളനഹാളിലേക്ക് കടക്കുമ്പോള്‍ തട്ടം ധരിച്ച വനിതകളെ  സുരക്ഷാ ഉദ്യോഗസ്ഥര്‍ തടഞ്ഞു. പ്രധാനമന്ത്രിയുടെ ചടങ്ങില്‍ കറുത്ത ശിരോവസ്ത്രം ധരിക്കരുതെന്നതായിരുന്നു ന്യായം. ഷഹര്‍ബാന്‍ തട്ടം മാറ്റി ഹാളിലേക്ക് കടന്നെങ്കിലും ഷാഹിനയും ഫൌസിയയും ഇതിനു തയ്യാറായില്ല. ശിരോവസ്ത്രം അഴിച്ചുവച്ച് സമ്മേളനത്തില്‍ പങ്കെടുക്കേണ്ടതില്ലെന്ന് ഇവര്‍ നിലപാടെടുത്തു.

ചെമ്പിലോട് പഞ്ചായത്ത് പ്രസിഡന്റ് ടി വി ലക്ഷ്മി, കോട്ടയം പഞ്ചായത്ത് പ്രസിഡന്റ് ടി ഷബ്ന ഉള്‍പ്പെടെയുള്ളവര്‍ സംഘാടകരുടെ നടപടിയെ ചോദ്യംചെയ്തു. ഒടുവില്‍ തട്ടം അഴിക്കാതെതന്നെ ഷാഹിനയെയും ഫൌസിയയെയും കടത്തിവിടേണ്ടിവന്നു. എന്നാല്‍, ടോയ്ലറ്റില്‍ പോകാനായി പിന്നീട് ഹാളില്‍നിന്ന് ഇറങ്ങിയ മൂന്നുപേരെയും സുരക്ഷാ ഉദ്യോഗസ്ഥര്‍ വീണ്ടും തടഞ്ഞുവച്ചു. വയനാട,് കോഴിക്കോട് ജില്ലകളുടെ കോ ഓര്‍ഡിനേറ്റര്‍ അധികൃതരുമായി ബന്ധപ്പെട്ടശേഷമാണ് അഴിച്ചുവച്ച തട്ടം തിരികെ ലഭിച്ചത്.

സ്വന്തം മതവിശ്വാസപ്രകാരം ശിരോവസ്ത്രം ധരിച്ചതിന്റെപേരില്‍ മൂന്ന് പ്രതിനിധികളെ പരസ്യമായി അപമാനിച്ചതിനെതിരെ കേരളത്തില്‍നിന്നുള്ള വനിതകള്‍ ഒറ്റക്കെട്ടായി പ്രതിഷേധിച്ചെങ്കിലും സംഘാടകര്‍ക്ക് കുലുക്കമുണ്ടായില്ല. ക്ഷമാപണം നടത്താന്‍പോലും അധികൃതര്‍ തയ്യാറായില്ലെന്ന് കേരള പഞ്ചായത്ത് അസോസിയേഷന്‍ വൈസ് പ്രസിഡന്റുകൂടിയായ ടി വി ലക്ഷ്മി പറഞ്ഞു.