ലേക്ഷോര്‍ ആശുപത്രിയില്‍ നഴ്‌സുമാരുടെ സമരം ഒത്തുതീര്‍പ്പായില്ല; സമരം തുടരുന്നു.

കൊച്ചി : ലേക്ഷോര്‍ ആശുപത്രിയില്‍ നഴ്‌സുമാരുടെ സമരം ഒത്തുതീര്‍പ്പായില്ല. ആശുപത്രിയിലെ പ്രധാന കവാടത്തിനുമുന്നിലാണ് പ്രതിരോധസമരം ആരംഭിച്ചിരിക്കുന്നത്.

 

ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്ന് നഴ്‌സുമാര്‍ റോഡില്‍ പ്രകടനം നടത്തുകയും തുടര്‍ന്ന് വൈകുന്നേരം പ്രവേശനകവാടത്തില്‍ കുത്തിയിരുന്ന് പ്രതിരോധസമരം തുടരുകയുമായിരുന്നു. നാളുകളായി തുടര്‍ന്നു വരുന്ന സമരത്തോട് ആശുപത്രി അധികൃതര്‍ അനുരജ്ഞനത്തിന് തയ്യാറായിട്ടില്ല. തങ്ങളുടെ ഒരാവശ്യവും അംഗീകരിക്കാത്ത മാനേജ്‌മെന്റിന്റെ അവഗണനക്കെതിരെ ശക്തമായ ഉപരോധവുമായി മുന്നോട്ടു പോവുകയാണ് നഴ്‌സുമാര്‍.

നഴ്‌സുമാരുടെ സമരം ഒത്തുതീര്‍പ്പാക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം തൊഴില്‍ മന്ത്രിയുടെ നേതൃത്വത്തില്‍ ഇന്നലെ നടന്ന ചര്‍ച്ച പരാജയമായിരുന്നു. പിരിച്ചുവിട്ട നഴ്‌സുമാരെ ഒരു കാരണവശാലും തിരിച്ചെടുക്കാനാവില്ലെന്ന നിലപാടില്‍ മാനേജ്‌മെന്റ് നിന്നതോടെയാണ് ചര്‍ച്ച പരാജയപ്പെട്ടത്. തൊഴില്‍ മന്ത്രിയുടെ സാന്നിദ്ധ്യത്തില്‍ നടന്ന ചര്‍ച്ചയുടെ തീരുമാനങ്ങള്‍ ആശുപത്രി അധികൃതര്‍ അട്ടിമറിച്ചു എന്നാരോപിച്ചാണ് നഴ്‌സുമാര്‍ ഉപരോധത്തിനിറങ്ങിയത്.