ലഫ്റ്റനന്റ് ജനറൽ ശരത് ചന്ദ് കരസേനാ ഉപമേധാവി

ന്യൂഡല്‍ഹി : മലയാളിയായ ലഫ്റ്റനന്റ് ജനറല്‍ ശരത് ചന്ദ് കരസേനാ ഉപമേധാവിയായി (വൈസ് ചീഫ്) സ്ഥാനമേല്‍ക്കേും. ലെഫ്. ജനറല്‍ ബിപിന്‍ റാവത്ത് കരസേനാ മേധാവിയായി ചുമതലയേറ്റതിനെത്തുടര്‍ന്നാണ് ശരത് ചന്ദിന്‍റെ നിയമനം. കൊട്ടാരക്കര കുറുമ്പല്ലൂര്‍ ശാരദാമന്ദിരത്തില്‍ പരേതനായ എന്‍ പ്രഭാകരന്‍ നായരുടെയും ജി ശാരദാമ്മയുടെയും മകനാണ്. പഞ്ചാബ്–രാജസ്ഥാന്‍ പ്രദേശത്തിന്റെ സൈനിക ചുമതലയുള്ള തെക്കു–പടിഞ്ഞാറന്‍ കരസേനാ കമാന്‍ഡിന്റെ മേധാവി (ജനറല്‍ ഓഫിസര്‍ കമാന്‍ഡിങ്–ഇന്‍–ചീഫ്) ആയിരുന്നു.

സൈനിക സ്‌കൂളിലെ വിദ്യാഭ്യാസത്തിനു ശേഷം നാഷണല്‍ ഡിഫെന്‍സ് അക്കാദമിയിലും ഇന്ത്യന്‍ മിലിട്ടറി അക്കാദമിയിലും സൈനിക വിദ്യാഭ്യാസം നേടിയ ശേഷമാണ് ശരത് ചന്ദ് 1979ല്‍ പതിനൊന്നാം ഗഡ്വാള്‍ റൈഫിള്‍സ് കമ്മീഷന്‍ഡ് ഓഫീസറായത്

ഇന്ത്യപാക് നിയന്ത്രണ രേഖയില്‍ കാര്‍ഗിലിലും ശ്രീലങ്കയിലെ എല്‍ടിടിഇക്കാരുമായുള്ള പോരാട്ടത്തിലും കമ്പനി കമാന്‍ഡറായിരുന്നു ശരത് ചന്ദ്. അസമില്‍ വിമതരുടെ നുഴഞ്ഞുകയറ്റം ചെറുത്ത ഓപ്പറേഷന്‍ നീറോയിലും അരുണാചല്‍ചൈനീസ് അതിര്‍ത്തിയില്‍ ബ്രിഗേഡ് കമാന്‍ഡറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. മേജര്‍ ജനറല്‍ റാങ്കില്‍ കശ്മീരില്‍ ഒരു ഡിവിഷന്റെ തലവനായും പ്രവര്‍ത്തിച്ചു. ലഫ്. ജനറല്‍ റാങ്കില്‍ അസം – അരുണാചലില്‍ ചൈനീസ് അതിര്‍ത്തിയില്‍ തന്ത്രപ്രധാനമായ ചുമതലകള്‍ വഹിച്ചിട്ടുണ്ട്. സൊമാലിയിലെ യുഎന്‍ ദൗത്യത്തില്‍ സ്റ്റാഫ് ഓഫീസറായിരുന്നു.

2006ല്‍ വിശിഷ്ട സേവാ മെഡലും 2014ല്‍ അതിവിശിഷ്ട സേവാ മെഡലും നല്‍കി ശരത് ചന്ദിനെ രാജ്യം ആദരിച്ചിട്ടുണ്ട്. പുനലൂര്‍ അമ്പിയില്‍ ബിന്ദുവാണ് ഭാര്യ. മൂത്തമകന്‍ അഭിലാഷ് ചന്ദ് സൈന്യത്തില്‍ എന്‍ജീയറിംഗ് കോറില്‍ മേജറാണ്. രണ്ടാമത്തെ മകന്‍ അഭിജിത് ചന്ദ് നാവികസേനയില്‍ ലഫ്റ്റനന്റാണ്.