ലതാനായരെ ഒളിപ്പിച്ച രണ്ടു പേര്‍ക്ക് രണ്ട് വര്‍ഷം കഠിനതടവ്

തിരുവനന്തപുരം : കിളിരൂര്‍ കേസിലെ നാലാം പ്രതി ലതാനായരെ ഒളിവില്‍ പാര്‍പ്പിക്കാന്‍ സഹായിച്ച കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ രണ്ടു പേര്‍ക്ക് രണ്ട് വര്‍ഷം കഠിനതടവും 5000 രൂപ പിഴയും ശിക്ഷ വിധിച്ചു. ദേവികുളം സ്വദേശിയായ കളക്ടര്‍ ലത്തീഫ് എന്ന് വിളിക്കുന്ന അബ്ദുള്‍ ലത്തീഫ് (55), കോട്ടയം തിരുവാര്‍പ്പ് സ്വദേശി ദേവദാസ് (58) എന്നിവര്‍ക്കെതിരെയാണ് വിധി. സി.ബി.ഐ കോടതി ജഡ്ജി ടി.എസ്.പി മൂസത് ആണ് ശിക്ഷ വിധിച്ചത്.

 

ലതാനായരെ 2004 ഒക്ടോബര്‍ 8 മുതല്‍ 12 വരെ സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളില്‍ മാറിമാറി ഒളിവില്‍ പാര്‍ക്കാന്‍ സഹായിച്ചുവെന്നതാണ് പ്രതികള്‍ക്കെതിരെയുള്ള കേസ്. കേസില്‍ ആകെ 12 സാക്ഷികളുണ്ടായിരുന്നു. ഇതില്‍ 9 പേരെ വിസ്തരിച്ചു.