ലണ്ടനില്‍വെച്ച് പ്രണയിച്ച് വിവാഹം കഴിച്ച് ഉപേക്ഷിച്ചുപോയ മലപ്പുറം സ്വദേശിയെ തേടിയെത്തിയ പാക് വംശജയ്ക്ക് നിയമപോരാട്ടത്തില്‍ വിജയം

ചാവക്കാട്: പ്രണയവിവാഹത്തിനൊടുവില്‍ ഉപേക്ഷിച്ച് കടന്നുകളഞ്ഞ ഭര്‍ത്താവിനെ തേടി കേരളത്തിലെത്തിയ പാക് വംശജയായ യുവതിക്ക് നിയമ പോരാട്ടത്തിനൊടുവില്‍ വിജയം. പാക് വംശജയായ ബ്രിട്ടീഷ് യുവതി മറിയം ഖാലിഖ് (34)ആണ് മലപ്പുറം ചാവക്കാട് സ്വദേശിയായ നൗഷാദ് ഹുസൈനെതിരെ നിയമ പോരാട്ടം നടത്തി വിജയിച്ചത്.

ലണ്ടനില്‍ എംബിഎക്ക് പഠിക്കുമ്പോഴാണ് നൗഷാദുമായി മറിയം പരിചയത്തിലാവുന്നതും പ്രണയത്തിലാവുന്നതും. തുടര്‍ന്ന് 2013 ഏപ്രിലില്‍ ഇവര്‍ വിവാഹിതരാവുകയായിരുന്നു.

ഒരുവര്‍ഷത്തിന് ശേഷം വീട്ടുകാരുടെ അനുവാദത്തോടെ കേരളത്തില്‍ വെച്ച് വിവാഹം വീണ്ടും നടത്താമെന്നു പറഞ്ഞ് നൗഷാദ് നാട്ടിലേക്ക് പോവുകയായിരുന്നു. പിന്നീട് ഇയളെക്കുറിച്ച് ഒരുവിവരവുമില്ലായിരുന്നു. കുറച്ച് നാളുകള്‍ശേഷം വീട്ടുകാര്‍ക്ക് ഈ ബന്ധത്തിന് താല്പര്യമില്ലെന്നും തിനിക്ക് യു കെയിലേക്ക് മടങ്ങിവരാന്‍ കഴിയില്ലെന്നും കാണിച്ച് മറിയത്തിന് കത്തയച്ചു. ഇതെ തുടര്‍ന്ന് നൗഷാദിനെ കണ്ടെത്താനായി മറിയം കേരളത്തിലെത്തുകയായിരുന്നു.

എന്നാല്‍ കേളത്തിലെത്തിയ മറിയത്തിന് പാക് വംശജ എന്നത് ഏറെ വെല്ലുവിളിയാവുകയായിരുന്നു. അതെസമയം വിവാഹ ആല്‍ബമല്ലാതെ യാതൊരു തെളിവുകളും യു കെയില്‍ അവശേഷിപ്പിക്കാതെയാണ് നൗഷാദ് കടന്നു കളഞ്ഞത്. സ്‌നേഹിത എന്ന കുടുംബശ്രീ പ്രവര്‍ത്തകരാണ് മറിയത്തിന് വേണ്ട സഹായങ്ങള്‍ ചെയ്തു കൊടുത്തത്. രണ്ടുമാസം നീണ്ട തിരച്ചിലിനൊടുവില്‍ വിവാഹത്തിനൊരുങ്ങുകയായിരുന്ന നൗഷാദിനെ ഇവര്‍ കണ്ടെത്തുകയായിരുന്നു. എന്നാല്‍ നൗഷാദ് മറിയത്തെ സ്വീകരിക്കാന്‍ തയ്യാറായിരുന്നില്ല. തുടര്‍ന്ന് നൗഷാദിനെതിരെ മറിയം കേസ് ഫയല്‍ ചെയ്യുകയായിരുന്നു. മജിസ്‌ട്രേറ്റ് മറിയത്തിന് പോലീസ് സംരക്ഷണത്തില്‍ നൗഷാദിന്റെ വീട്ടില്‍ താമസിക്കാനുള്ള അനുമതിയും നല്‍കി. എന്നാല്‍ നൗഷാദ് രണ്ടാം വിവാഹവുമായി മുന്നോട്ട് പോവുകയായിരുന്നു. തുടര്‍ന്ന് ചില അഭിഭാഷകരുടെ സഹായത്താല്‍ ലണ്ടനില്‍ നിന്നും വിവാഹമോചനം നേടുകയും യു കെയിലെ ജീവിതത്തിന് സമാനമായ രീതിയില്‍ ഒറ്റത്തവണ ജീവനാംശം നല്‍കണമെന്നുള്ള കോടതി വിധി നേടിയെടുക്കുകയും ചെയ്തു.

അതേസമയം പണത്തിന് വേണ്ടിയല്ല താന്‍ ഇവിടെ എത്തിയതെന്നും തന്റെ ജീവിതം വെച്ച് കളിച്ച ഭര്‍ത്താവിനെ ഒരുപാഠം പഠിപ്പിക്കാനാണ് ഇവിടെ എത്തിയതെന്നും സ്ത്രീകളെ എളുപ്പത്തില്‍ വഞ്ചിക്കാന്‍ സാധിക്കില്ലെന്ന് മനസിലാക്കാന്‍ വേണ്ടിയുമാണ് താന്‍ നിയമപോരാട്ടം നടത്തിയതെന്നും മറിയം പറഞ്ഞു.