ലക്ഷ്മി നായരെ മാറ്റണമെന്ന് സിപിഐഎം; രാജിവെക്കില്ലെന്ന് ലോ അക്കാദമി മാനേജ്‌മെന്റ്

Story dated:Sunday January 29th, 2017,04 35:pm

തിരുവനന്തപുരം: ലോ അക്കാദമി സമരത്തില്‍ സിപിഐഎം നടത്തിയ സമവായ ശ്രമം പരാജയപ്പെട്ടു. മാനേജ്‌മെന്റ് പ്രതിനിധികളെ എ കെ ജി സെന്ററിലേക്ക് വിളിച്ചുവരുത്തി ലോ അക്കാദമി പ്രിന്‍സിപ്പല്‍ ലക്ഷ്മി നായരെ മറ്റി നിര്‍ത്തണമെന്ന് സിപിഐഎം ആവശ്യപ്പെട്ടിരുന്നു. ഇതിന് ശേഷം ചേര്‍ന്ന ലോ അക്കാദമി ഡയറക്ടര്‍ബോര്‍ഡ് യോഗം ഈ നിര്‍ദേശം തള്ളിക്കളയുകയായിരുന്നു. പ്രിന്‍സിപ്പളിന്റെ രാജിയൊഴികെ മറ്റെന്തും ചര്‍ച്ചചെയ്യാമെന്നാണ് ബോര്‍ഡിന്റെ നിലപാട്.

സമരത്തെ പുറമെയുള്ളവര്‍ ഹൈജാക്ക് ചെയ്യുകയാണെന്നും ഡയറക്ടര്‍ബോര്‍ഡില്‍ അഭിപ്രായമുയര്‍ന്നു.

ബോര്‍ഡ് മാനേജ്‌മെന്റ് പ്രതിനിധിയായി നാരായണന്‍ നായരും സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗവും മുന്‍ എംഎല്‍എയുമായ കോലിയക്കോട് കൃഷ്ണന്‍ നായരും ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു.

അതെസമയം പ്രിന്‍സിപ്പളിന്റെ രാജിയാവശ്യത്തിന് വിട്ടുവീഴ്ചയില്ലെന്നും ഈ ആവശ്യം നിറവേറ്റുന്നതുവരെ സമരം തുടരുമെന്നും എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി.