റേഷന്‍ കടയില്‍ നിന്ന് അനധികൃതമായി ബൈക്കില്‍ പച്ചരി കടത്തി: നാട്ടുകാര്‍ ഇടപെട്ട് തടഞ്ഞു

തേഞ്ഞിപ്പലം: ചേലേമ്പ്ര പുല്ലിപറമ്പിലെ 98-ാം നമ്പര്‍ റേഷന്‍ കടയില്‍ നിന്ന് അനധികൃതമായി ബൈക്കില്‍ കടത്തിയ 50 കിലോ പച്ചരി നാട്ടുകാര്‍ ഇടപെട്ട് പിടികൂടി. പുല്ലിപറമ്പിലെ എസ്.വി.എ.യു.പി സ്‌കൂളിന് സമീപമുള്ള റേഷന്‍ കടയില്‍ നിന്ന് പ്ലാസ്റ്റിക് ചാക്കില്‍ കടത്തിയ റേഷനരിയാണ് പിടിച്ചെടുത്തത്. ഇന്നലെ ഉച്ചയ്ക്ക് ബൈക്കില്‍ റേഷനരി കരിഞ്ചന്തയിലേക്ക് കൊണ്ടുപോകുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ ബൈക്ക് തടഞ്ഞു നിര്‍ത്തി പരിശോധിക്കാന്‍ ശ്രമിക്കുന്നതിനിടെ അരി കടത്തിയ ആള്‍ ബൈക്കും അരിയും ഉപേക്ഷിച്ച് ഓടിരക്ഷപ്പെടുകയായിരുന്നു. ഇതുസംബന്ധിച്ച് ഷാജി ഉള്ളിശ്ശേരി സപ്ലൈ ഓഫിസര്‍ക്ക് മൊഴി നല്‍കി. തുടര്‍ന്ന് പ്രദേശവാസികള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് കൊണ്ടോട്ടി സപ്ലൈ ഓഫീസില്‍ നിന്നും റേഷനിംഗ് ഇന്‍സ്‌പെക്ടര്‍മാരും തേഞ്ഞിപ്പലം പോലീസും സ്ഥലത്തെത്തി പരിശോധന നടത്തി. തുടര്‍ന്ന് പച്ചരി പുല്ലിപറമ്പിലെ 98-ാം നമ്പര്‍ റേഷന്‍ കടയിലേതാണെന്ന് സ്ഥിരീകരിച്ചു. ടി. ഉണ്ണികൃഷ്ണന്റെ പേരിലാണ് 98-ാം നമ്പര്‍ റേഷന്‍ കട. അരി പ്രഥമദൃഷ്ട്യാ പരിശോധനയില്‍ റേഷന്‍ കട വഴി വില്‍പ്പനയ്ക്ക് എഫ്.സി.ഐയില്‍ നിന്നും അനുവദിച്ചതാണെന്ന് കണ്ടെത്തിയതിനാല്‍ അരിച്ചാക്ക് കസ്റ്റഡിയിലെടുക്കുകയും തുടര്‍നടപടിയ്ക്കായി തീരുമാനിക്കുകയും അതുവരെ സി. ജാഫറിന്റെ ഉടമസ്ഥതയിലുള്ള പനയപ്പുറത്തെ റേഷന്‍ കടയില്‍ സൂക്ഷിക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തു. കൊണ്ടോട്ടി താലൂക്ക് സപ്ലൈ ഓഫീസിലെ റേഷനിംഗ് ഇന്‍സ്‌പെക്ടര്‍ സി.ആരിഫ, മധു ഭാസ്‌ക്കരന്‍,സി മുരുകനന്ദന്‍ എന്നിവരുടെ നേത്യത്വത്തിലായിരുന്നു പരിശോധന.