റെയില്‍വേ ബജറ്റ്: കഴിഞ്ഞ 10 വര്‍ഷത്തിനിടെ 24,600 കോടിയുടെ നഷ്ടം

2013-ലെ കേന്ദ്ര റെയില്‍വേ ബജറ്റ് റെയില്‍വേ മന്ത്രി പവന്‍ കുമാര്‍ ബന്‍സല്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. റെയില്‍വേ സാമ്പത്തികമായി ഗുരുതര തകര്‍ച്ചയിലാണെന്ന് മന്ത്രി പറഞ്ഞു. 10 വര്‍ഷത്തിനിടെ 24,600 കോടി രൂപയുടെ നഷ്ടമുണ്ടായതായും, അതില്‍ നിന്ന് കരകയറാന്‍ ശ്രദ്ധിക്കുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. ഇപ്രാവശ്യം 5.19 ലക്ഷം കോടി രൂപയുടെ ബജറ്റാണ് അവതരിപ്പിച്ചത്. യാത്രക്കാരുടെ സുരക്ഷക്കും, സൗകര്യങ്ങള്‍ക്കുമാണ് ബജറ്റില്‍ പ്രാധാന്യം കൊടുത്തിരിക്കുന്നത്.

ആഴ്ചകള്‍ക്ക് മുന്‍പുണ്ടായ നിരക്ക് വര്‍ദ്ധനക്ക് ശേഷം ഡീസല്‍ വിലയിലുണ്ടായ വര്‍ദ്ധന 3,300 കോടി രൂപയുടെ അധിക ബാധ്യത ഉണ്ടാക്കിയതിനാല്‍ അത് നികത്തുന്നതിനു വേണ്ടി സൂപ്പര്‍ഫാസ്റ്റ്, തത്കാല്‍ തുടങ്ങിയവയില്‍ നിരക്ക് വര്‍ദ്ധിപ്പിച്ചു. സാധാരണ ടിക്കറ്റില്‍ കഴിഞ്ഞമാസത്തെ വര്‍ദ്ധനവ് നിലനിര്‍ത്തി.

അപകടങ്ങള്‍ ഒഴിവാക്കുന്നതിനായി ആധുനിക രീതിയിലുള്ള സൗകര്യങ്ങള്‍ ഏര്‍പ്പാടാക്കും, സ്ത്രീ സുരക്ഷക്കായി കൂടുതല്‍ വനിതാ പോലീസിനെ നിയോഗിക്കും, മെട്രോ നഗരങ്ങളില്‍ സ്ത്രീകള്‍ക്ക് മാത്രമായി ട്രെയിന്‍ ഏര്‍പ്പെടുത്തും, ഏകദേശം 11,000ത്തോളം ലെവല്‍ ക്രോസുകള്‍ ഒഴിവാക്കും, കൂട്ടിയിടി ഒഴിവാക്കാന്‍ സുരക്ഷാ സംവിധാനങ്ങള്‍ ആധുനികവല്‍ക്കരിക്കുമെന്ന് ബജറ്റില്‍ അവകാശപ്പെടുമ്പോഴും റെയില്‍വേ വകുപ്പിന്റെ ചുമതലയുള്ള കേരള മന്ത്രി ബജറ്റ് തീര്‍ത്തും പരാജയമെന്ന് പറഞ്ഞു.