പരപ്പനങ്ങാടി റെയില്‍വേ ഫൂട്ട് ഓവര്‍ ബ്രിഡ്ജ് അടുത്ത വര്‍ഷം

പരപ്പനങ്ങാടി: റെയില്‍വെ പ്ലാറ്റ്‌ഫോമുകളെ ബന്ധിപ്പിക്കുന്ന ഫൂട്ടോവര്‍ ബ്രിഡ്ജ് അടുത്ത സാമ്പത്തിക വര്‍ഷം ആരംഭിക്കുമെന്ന് പാലക്കാട് റെയില്‍വെ ഡിവിഷണല്‍ മാനേജര്‍ പീയൂഷ് അഗര്‍ വാള്‍. പരപ്പനങ്ങാടി റെയില്‍വേ സ്റ്റേഷന്‍ സന്ദര്‍ശിക്കുന്നതിനിടെയാണ് അദേഹം ഇക്കാര്യം ഉറപ്പുനല്‍കിയത്.

വര്‍ഷങ്ങളായുള്ള യാത്രക്കാരുടെയും നാട്ടുകാരുടെയും ആവശ്യമാണ് ഇതോടെ സഫലമാകാന്‍ പോകുന്നത്. ഇ. അഹമ്മദ് റെയില്‍വെ സഹമന്ത്രിയായിരുന്നപ്പോള്‍ സ്‌റ്റേഷന്‍ വികസനത്തില്‍ ഫൂട്ട് ഓവര്‍ബ്രിഡ്ജ് ഉള്‍പ്പെടുത്തിയിരുന്നെങ്കിലും മൂന്ന് കൊല്ലത്തോളമായി യാതൊരു പ്രവര്‍ത്തനവും നടത്തിയിരുന്നില്ല.

റെയില്‍വെസ്റ്റേഷന്‍ സ്ന്ദര്‍ശനത്തിനെത്തിയ ഡിവിഷണല്‍ മാനേജര്‍ക്ക് യാത്രക്കാരും, പരപ്പനങ്ങാടി മര്‍ച്ചന്റ് അസോസിയേഷന്‍ ഭാരവാഹികളും ചേര്‍ന്ന് ഓവര്‍ബ്രിഡ്ജിന്റെ അടിയന്തിര ആവശ്യം ശ്രദ്ധയില്‍പെടുത്തുക്കയായിരുന്നു്. ഇതെ തുടര്‍ന്ന് അടുത്തവര്‍ഷം തന്നെ ബ്രിഡ്ജ് യാഥാര്‍ത്ഥ്യമാകുമെന്ന് അദേഹം ഉറപ്പു നല്‍കുകയായിരുന്നു. പരപ്പനങ്ങാടി ഓവര്‍ബ്രിഡ്ജ് യാഥാര്‍ത്ഥ്യമാകുന്നതോടെ നിലവിലെ യാഡ് അടച്ചുപൂട്ടേണ്ടി വരുമെന്നും, പഞ്ചായത്ത് ബോര്‍ഡ് നിര്‍മാണച്ചിലവ് വഹിക്കുകയാണെങ്കില്‍ അണ്ടര്‍ബ്രിഡ്‌ജോ, ഫൂട്ട് ഓവര്‍ബ്രിഡ്‌ജോ നിര്‍മ്മിക്കുന്നതിന് റെയില്‍വെ പരിഗണന നല്‍കുമെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.

സ്റ്റേഷന്‍ സന്ദര്‍ശനത്തിന് പ്രത്യേക സലൂണിലെത്തിയ ഡിവിഷിണല്‍ റെയില്‍വെ മാനേജര്‍ക്കൊപ്പം അഡീഷണല്‍ റെയില്‍വേ മാനേജര്‍ മോഹന്‍ മേനോനും മറ്റ് ഉയര്‍ന്ന റെയില്‍വേ ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു.