റാഗിംങില്‍ പൊള്ളലേറ്റ മലയാളി വിദ്യാര്‍ത്ഥി ബാഗ്ലൂരില്‍ മരിച്ചു.

കണ്ണൂര്‍: ബാഗ്ലൂരില്‍ പൊള്ളലേറ്റ് ചികില്‍സയിലായിരുന്ന മലയാളി എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി മരിച്ചു. കണ്ണൂര്‍ കാപ്പാട് സ്വദേശി അജ്മലാണ് (19) മരിച്ചത്. വെള്ളിയാഴ്ച രാവിലെയാണ് മരണം സംഭവിച്ചത്. ബാംഗ്ലൂര്‍ വിദ്യാനഗര്‍ ഷാഷിബ് എഞ്ചിനീയറിംഗ് കോളേജിലെ ഒന്നാം വര്‍ഷ എയ്‌റോനോട്ടിക്കല്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയായിരുന്നു അജ്മല്‍.
മാര്‍ച്ച് 22 രാത്രി 9.30യോടെയാണ് അജ്മലിന് പൊള്ളലേറ്റത്. ഒന്നാവര്‍ഷ വിദ്യാര്‍ത്ഥിയായ അജ്മലിനെ ഒരു കൂട്ടം സീനിയര്‍ വിദ്യാര്‍ത്ഥികള്‍ റാഗിംങിന്റെ പേരില്‍ മര്‍ദ്ദിക്കുകയും പണമാവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഇവരാണ് സംഭവത്തിനു പിന്നിലെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നത്.
എന്നാല്‍ റാഗിംങ് മൂലമാണ് വിദ്യാര്‍ത്ഥിക്ക് പൊള്ളലേറ്റതെന്ന ആരോപണം അധികൃതര്‍ നിഷേധിച്ചു. സംഭവത്തെ തുടര്‍ന്ന് എറണാകുളും സ്വദേശി സ്വാന്‍മോനെ പോലീസ് കസ്റ്റഡിയിലെടുക്കുകയും മറ്റു മൂന്ന് മലയാളി വിദ്യാര്‍ത്ഥികള്‍ക്കെതിരെ പോലീസ് കേസെടുക്കുകയും ചെയ്തിട്ടുണ്ട്. രണ്ട് തവണ റാഗിംങിനിരയായി എന്ന അജ്മലിന്റെ മൊഴിയെതുടര്‍ന്നാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

 

മൃതദേഹം ഇന്ന് രാത്രി 11 മണിയോടെ നാട്ടിലെത്തിക്കും.