രാഷ്‌ട്രപതിക്ക്‌ ഊഷ്‌മളമായ യാത്രയയപ്പ്‌

pranab mukherjeeകൊച്ചി, തൃശൂര്‍, കോഴിക്കോട്‌ എന്നിവിടങ്ങളില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കാനെത്തിയ രാഷ്‌ട്രപതി പ്രണബ്‌കുമാര്‍ മുഖര്‍ജിക്ക്‌ കരിപ്പൂര്‍ വിമാനത്താവളത്തില്‍ സംസ്ഥാന സര്‍ക്കാറിന്റെ ഔദ്യോഗിക യാത്രയയപ്പ്‌ നല്‍കി. ഫെബ്രുവരി 26 നാണ്‌ രാഷ്‌ട്രപതി കൊച്ചിയിലെത്തിയത്‌. തുടര്‍ന്ന്‌ തൃശൂരിലും 27 ന്‌ കോഴിക്കോട്‌ സൈബര്‍ പാര്‍ക്കിലും നടന്ന വിവിധ പരിപാടികള്‍ക്ക്‌ ശേഷം 3.35-ന്‌ കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ രാഷ്‌ട്രപതി ഇന്ത്യന്‍ എയര്‍ ഫോഴ്‌സിന്റെ പ്രത്യേക വിമാനത്തില്‍ ഡല്‍ഹിക്ക്‌ യാത്രയായി. ഗവര്‍ണര്‍ പി. സദാശിവം, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി എന്നിവരുടെ നേതൃത്വത്തില്‍ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും രാഷ്‌ട്രപതിക്ക്‌ യാത്രയയപ്പ്‌ നല്‍കി. എം.കെ. രാഘവന്‍ എം.പി., കെ. മുഹമ്മദുണ്ണി ഹാജി എം.എല്‍.എ., സംസ്ഥാന വനിതാ കമ്മീഷന്‍ ചെയര്‍പെഴ്‌സണ്‍ റോസക്കുട്ടി, ചീഫ്‌ സെക്രട്ടറി ജിജി തോംസന്‍, ഡി.ജി.പി ടി.പി. സെന്‍കുമാര്‍, സ്റ്റേറ്റ്‌ പ്രൊട്ടോക്കോള്‍ ഓഫീസര്‍ ടി.പി. വിജയകുമാര്‍, ജില്ലാ കലക്‌ടര്‍ ടി. ഭാസ്‌കരന്‍, ജില്ലാ പോലീസ്‌ സൂപ്രണ്ട്‌ കെ. വിജയന്‍ എന്നിവര്‍ സന്നിഹിതരായി.