രശ്മിവധകേസില്‍ ബിജു രാധാകൃഷ്ണനും അമ്മ രാജമ്മാളും കുറ്റക്കാര്‍

images (2)കൊല്ലം : രശ്മി വധകേസില്‍ ബിജുരാധാകൃഷ്ണനും അമ്മ രാജമ്മാളും കുറ്റക്കാരാണെന്ന് കോടതി. കൊല്ലം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി. ശിക്ഷ മറ്റന്നാള്‍ വിധിക്കും. കൊലപാതകം, സ്ത്രീപീഡനം, തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് ബിജുവിനെതിരെ ചുമത്തിയിരിക്കുന്നത്. ഇതിനു പുറമെ മകനെ മര്‍ദ്ദിച്ചു എന്നതുമാണ് ബിജുവിനെതിരായ കുറ്റങ്ങള്‍. കേസില്‍ രണ്ടാംപ്രതിയാണ് ബിജുവിന്റെ അമ്മ രാജമ്മാള്‍. കൊലപാതകത്തിന് കൂട്ടുനില്‍ക്കല്‍, സ്ത്രീധനപീഡനം എന്നീ കുറ്റങ്ങളാണ് അമ്മക്ക് നേരെ ചുമത്തിയിരിക്കുന്നത്.

2006 ഫെബ്രുവരി 3 ന് രാത്രി ബിജുവിന്റെ കുളക്കടയിലെ വീട്ടില്‍ വെച്ചാണ് രശ്മി കൊല്ലപ്പെട്ടത്. ബലമായി മദ്യം നല്‍കിയ ശേഷം ശ്വാസം മുട്ടിച്ച് കൊന്നു എന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം. സംഭവം നടക്കുന്ന സമയത്ത് 3 വയസ്സ് മാത്രം പ്രായമുണ്ടായിരുന്ന ഇവരുടെ മകനാണ് ഈ കേസിലെ ഒന്നാം സാക്ഷി.

മൂന്ന് മാസമാണ് കേസിന്റെ വിചാരണ നീണ്ട് നിന്നത്. സരിത എസ് നായരും ശാലുമേനോനും ഉള്‍പ്പെടെ 43 സാക്ഷികളെ പ്രോസിക്യൂഷനും 3 സാക്ഷികളെ പ്രതിഭാഗവും വിസ്തരിച്ചിരുന്നു. 60 ഓളം രേഖകള്‍ കോടതി പരിഗണിച്ചു. സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി സരിത എസ് നായരെ വിവാഹം കഴിക്കാനാണ് രശ്മിയെ കൊലപെടുത്തിയതെന്നാണ് കേസ്. കേസില്‍ സരിതയെ പ്രതിചേര്‍ക്കണമോ എന്ന കാര്യത്തിലും കോടതി വിധി പറയും. കേസില്‍ 5 മാസത്തിനകം വിചാരണ പൂര്‍ത്തിയാക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടിരുന്നു.