രമേശ് ചെന്നിത്തല പറഞ്ഞിട്ടാണ് സരിതയെ വിളിച്ചതെന്ന് മുന്‍ പിഎ

കൊച്ചി: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞിട്ടാണ് സോളാര്‍ കേസ് പ്രതി സരിത എസ് നായരെ വിളിച്ചതെന്ന് മന്ത്രിയുടെ മുന്‍ പിഎ ടിജി പ്രദോഷ് സോളാര്‍ കമ്മീഷന് മൊഴി നല്‍കി. രമേശ് ചെന്നിത്തലയുടെ പേര് പറഞ്ഞ് സരിത കേന്ദ്രമന്ത്രി പളനി മാണിക്യത്തെ വിളിച്ചിരുന്നു. ഇത് സംബന്ധിച്ച് അന്വേഷിക്കാന്‍ മന്ത്രി പറഞ്ഞിട്ടാണ് സരിതയെ വിളിച്ചതെന്ന് പ്രദോഷ് സോളാര്‍ കമ്മീഷന് മുന്നില്‍ വിശദീകരിച്ചു.

തനിക്ക് സരിതയെ നേരിട്ട് പരിചയമില്ലെന്നും 2012-ലാണ് സംഭവം നടന്നതെന്നും പ്രദോഷ് വ്യക്തമാക്കി.രമേശ് ചെന്നിത്തലയെ കാണണമെന്ന് സരിത ആവശ്യപ്പെട്ടിരുന്നു. ഇതിനായി ഫോണ്‍ വിളിച്ച് സരിത അപ്പോയ്ന്റ്‌മെന്റ് ആവശ്യപ്പെട്ടിരുന്നതായും പ്രദോഷ് പറഞ്ഞു.

രമേശ് ചെന്നിത്തലയുടെ മുന്‍ പിഎ ആയിരുന്ന പ്രദോഷ് തന്നെ വിളിച്ചിരുന്നതായി സരിത പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രദോഷിനെ ചോദ്യം ചെയ്യാനായി സോളാര്‍ കമ്മീഷന്‍ വിളിപ്പിച്ചത്.